ബോളിവുഡിലെ ഇന്നത്തെ വമ്പൻ താരങ്ങളിൽ ഒരാളാണ് ജോൺ എബ്രഹാം. നായകനായും വില്ലനായുമെല്ലാം തിളങ്ങുന്ന ജോൺ എബ്രഹാം മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന ആളുമാണ്. തന്റെ പ്രൊഡക്ഷൻ ബാനറിൽ അദ്ദേഹം ഒരുക്കുന്ന ചിത്രങ്ങൾ ഒരേ സമയം പ്രേക്ഷകരേയും നിരൂപകരെയും തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ നിർമ്മാണ സംരംഭവുമായി മലയാളത്തിലേക്ക് എത്തുകയാണ് ജോൺ എബ്രഹാം എന്ന വാർത്തയാണ് പുറത്തു വരുന്നത്. പാതി മലയാളി കൂടിയായ ജോൺ എബ്രഹാം മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത് വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രം നിർമ്മിച്ച് കൊണ്ടാണ്. നവാഗതനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം ജെഎ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവർക്ക് പുറമെ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആഷിക് അക്ബര്‍ അലിയാണ്. ബുധനാഴ്ച മൈസൂരിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ കട്ടപ്പന, വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ്. രണദേവാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നതു. ജോൺ എബ്രഹാം നായകനായി ഇനി എത്തുന്ന ചിത്രങ്ങൾ സത്യമേവ ജയതേ 2 , ഏക് വില്ലൻ റിട്ടേൺസ്, അറ്റാക്ക് എന്നിവയാണ്. ഷാരൂഖ് ഖാൻ നായകനായ പത്താനിൽ വില്ലനായാണ് ജോൺ അഭിനയിക്കുന്നത്. വിക്കി ഡോണർ എന്ന ചിത്രമൊരുക്കി നിർമ്മാതാവായ ജോൺ പിന്നീട് മദ്രാസ് കഫെ, റോക്കി ഹാൻഡ്‌സം, ഫോഴ്സ് 2, പരമാണു, ബട്ട്ല ഹൌസ്, സവിത ദാമോദർ പറഞ്ച്പേ, സർദാർ ക ഗ്രാൻഡ്സൺ എന്നീ ചിത്രങ്ങളും നിർമ്മിച്ചു.