കേരളത്തിലെ ഏറ്റവും പ്രശസ്തരായ വസ്ത്രാലങ്കാരകരിലൊരാളാണ് ജിഷാദ് ഷംസുദീൻ. ഈ പ്രതിഭ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് വേണ്ടിയൊരുക്കിയ കിടിലൻ വസ്ത്രങ്ങളിലൂടെയാണ്. മോഹൻലാലിന് വേണ്ടി ഒട്ടേറെ സ്റ്റൈലിഷ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത ജിഷാദ് ഷംസുദീന് ഏറെ കയ്യടി നേടിക്കൊടുത്തത്, ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തിയ മോഹൻലാലിന് ആ ഷോക്ക് വേണ്ടി തയാറാക്കിയ വസ്ത്രങ്ങളാണ്. മോഹൻലാൽ ആരാധകരും ഫാഷൻ പ്രേമികളും ഒരുപോലെ ഏറ്റെടുത്ത ഡിസൈനുകൾ ആയിരുന്നു അവ. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുകയാണ് ഈ കലാകാരൻ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പോരാടുന്ന ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള സുരക്ഷാ വസ്ത്രങ്ങൾ ആണ് ജിഷാദ് ഒരുക്കിയിരിക്കുന്നത്. കേരളാ ഗവണ്മെന്റിനു വേണ്ടി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി ഇത്തരം വസ്ത്രങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ജിഷാദ് ഇപ്പോൾ.
കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചാണ് ജിഷാദ് ഇപ്പോൾ ഈ വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. ധരിക്കാൻ വളരെ എളുപ്പവും ഭാരം കുറഞ്ഞതുമായ ഈ പുതിയ തരത്തിലുള്ള വസ്ത്രം ഏറ്റവും മികച്ച സുരക്ഷ ആരോഗ്യ പ്രവർത്തകർക്കു നൽകുമെന്ന് ജിഷാദ് ഷംസുദീൻ പറയുന്നു. താൻ എങ്ങനെയാണ് ഈ വസ്ത്രം നിർമ്മിച്ചതെന്നു വിശദീകരിച്ചു കൊണ്ടുള്ള ജിഷാദിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഏതായാലും ജിഷാദിന്റെ ഈ പുതിയ രൂപകൽപ്പന കൊറോണ വൈറസിനെതിരെ പോരാടുന്ന നമ്മുടെ ഓരോ ആരോഗ്യ പ്രവർത്തകർക്കും വളരെ ശക്തമായ പ്രതിരോധ കവചം തന്നെ നൽകുമെന്ന് കരുതാം.