ആ ശബ്ദം കേവലമൊരു ശബ്ദമല്ലായിരുന്നു; എസ് ഗോപന് ആദരാഞ്ജലികൾ അർപ്പിച്ചു ജിസ് ജോയ്

Advertisement

ശ്വാസകോശം സ്പോന്ജ് പോലെയാണ് എന്ന പരസ്യ വാചകം കേൾക്കാത്ത, അതിനെ കുറിച്ച് സംസാരിക്കാത്ത മലയാളികൾ ഉണ്ടാവില്ല.  ആ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ എത്തിച്ച ശബ്ദത്തിനു ഉടമയായ  തിരുവനന്തപുരം സ്വദേശി എസ് ഗോപൻ നായർ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. ഏകദേശം നാൽപ്പതു വർഷത്തോളം ആകാശവാണിയിൽ വാർത്താ വായനക്കാരൻ ആയിരുന്ന അദ്ദേഹത്തിന്റെ മരണം ഡൽഹിയിൽ വെച്ചായിരുന്നു. ഇന്ത്യൻ ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങൾക്കു വേണ്ടി പരസ്യങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള ഗോപൻ സാർ ഈ അടുത്തിടെ റിലീസ് ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലും തന്റെ ശബ്ദം നൽകി. ആ ചിത്രം ഒരുക്കിയ പ്രശസ്ത സംവിധായകൻ ജിസ് ജോയ് ഗോപൻ സാറിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് ഏവരുടെയും മനസ്സിനെ തൊടുന്നതാണ്.

ജിസ് ജോയിയുടെ വാക്കുകൾ ഇപ്രകാരം, “കേവലം ഒരു ശബ്ദമല്ലായിരുന്നു . വിജയ് സൂപ്പറും പൗർണ്ണമിയും എന്ന എന്റെ ഏറ്റവും പുതിയ ചിത്രത്തിൽ , തുടക്കത്തിലെ ഉള്ള ശബ്ദം ( നരേഷൻ ) ഗോപൻ ചേട്ടന്റേതായിരുന്നു !! ( ശ്വാസകോശം -പുകവലി പാടില്ല പരസ്യത്തിലൂടെ പ്രശസ്തമായ ശബ്ദത്തിനുടമ ). മലയാള സിനിമയിൽ സ്ഥിരം നരേഷൻ പലപ്പോഴും പ്രമുഖരായ ഏതാനും സംവിധായകരോ ശ്രീനിയേട്ടനോ ഒക്കെ ആണ് ചെയ്യാറ് !! എന്റെ സിനിമയിൽ അതൊന്നു മാറ്റി പിടിക്കാം എന്ന് കരുതി , നമ്പർ തേടിപ്പിടിച്ചു വിളിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ചെയ്യാം എന്ന് ഗോപൻ ചേട്ടൻ സമ്മതിച്ചു ! ഞാൻ ഇവിടെനിന്നു ട്രാക്ക് ഡബ് ചെയ്തു അയച്ചു കൊടുത്തു് , അതു കേട്ടു ഡൽഹിയിലെ ഏതോ സ്റ്റുഡിയോയിൽ പോയി ഡബ് ചെയ്ത് എനിക്ക് അയച്ചു തന്നു !! കേട്ടപ്പോൾ ഞാൻ ഒരുപാട് ചിരിച്ചു !നന്ദി പറയാൻ ഞാൻ വിളിച്ചപ്പോൾ എന്നോട് പരിഭവം പോലെ പറഞ്ഞു ” എന്തോ , സിനിമയിൽ എന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ല , എനിക്ക് ഏറെ ആഗ്രഹം ഉണ്ടായിരുന്നിട്ടും. എന്ത് തോന്നി എന്റെ വോയ്‌സ് ഈ സിനിമയിൽ ഉപയോഗിക്കാൻ ?” ഞാൻ പറഞ്ഞു ‘പുതുമ’. പിന്നെ ചേട്ടന്റെ ശബ്ദം ഒരു ഫ്ലാഷ് മോബിന്റെ എഫക്ട് എനിക്ക് ചെയ്യാറുണ്ട് , അത് സിനിമയിലൂടെ പ്രേക്ഷകർക്കും നല്കാൻ ആയാൽ നല്ലതല്ലേ ? അദ്ദേഹം അത് കേട്ടു ഏറെ ചിരിച്ചു !! സിനിമയ്ക്ക് ആശംസ അറിയിച്ചു ഫോൺ വെച്ചു !! ഏറെ നാൾ കഴിഞ്ഞു സിനിമ ഡൽഹിയിൽ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിക്കുകയും കേരളത്തിൽ വരുമ്പോൾ നമുക്ക് കാണാം എന്ന് പറയുകയും ചെയ്തു !! വിജയ് സൂപ്പറും പൗർണ്ണമിയും കണ്ട എത്രയോ പേർ എന്നെ വിളിച്ചു അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാൻ തോന്നിയതു നന്നായെന്ന് പറഞ്ഞു !! ഇന്നലെ ഒരു പ്രമുഖ സംവിധായകൻ എന്റെ കയ്യിൽ നിന്നും ഗോപൻ ചേട്ടന്റെ നമ്പർ വാങ്ങി , ഒരു പരസ്യം ഡബ് ചെയ്യിക്കാൻ !!അടുത്ത ആഴ്ചയാണ് ഡബ്ബിങ് അതിനു മുൻപ് എന്നോടൊന്ന് വിളിച്ചു ഗോപൻ ചേട്ടന്റെ അടുത്ത് ഇൻട്രൊഡ്യൂസ് ചെയ്യണമെന്നും സംവിധായക സുഹൃത്തു ആവശ്യപ്പെട്ടു !! ഞാൻ സമ്മതിച്ചു !! പെട്ടന്ന് ഇപ്പോ ഈ വാർത്ത കേൾക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല !! എല്ലാ വേർപാടും അങ്ങനെ ആണല്ലോ അല്ലെ !! അതെ , നമുക്ക് ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ലഭിച്ചിരുന്നത് ഒരു ഫ്ലാഷ് മോബ് കാണും പോലുള്ള ഊഷ്മളതയും ഉണർവും ആയിരുന്നു !! ആലോചിച്ചു നോക്കുമ്പോൾ മറ്റാരും ഇല്ല ഒരു ശബ്ദം കൊണ്ട് മാത്രം അതൊക്കെ നമ്മിലുളവാക്കാൻ !! സിനിമയിൽ അദ്ദേഹത്തിന്റെ ശബ്ദം കൊണ്ടുവരാൻ ഒരു നിയോഗമായതിന് പിന്നിലും ഉണ്ടാകും എന്തേലുമൊക്കെ നിയോഗങ്ങൾ .. ഇപ്പോ എനിക്കതു അറിയില്ല … ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പ്രിയ ഗോപൻ ചേട്ടന് വേദനയോടെ വിട .. പ്രണാമം !! അങ്ങയുടെ ശബ്ദം ” കേവലം ഒരു ശബ്ദമല്ലായിരുന്നു ഞങ്ങൾക്ക്..”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close