സൂപ്പർ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തലവൻ; രണ്ടാം ഭാഗം ഉറപ്പിച്ച് സംവിധായകൻ

Advertisement

ആസിഫ് അലി- ബിജു മേനോൻ ടീമിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ തലവൻ ബോക്സ് ഓഫീസിൽ മികച്ച വിജയത്തിലേക്ക്. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ച ഈ ചിത്രത്തിന് കേരളം മുഴുവൻ ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകർ കൂടി വരികയാണ്. കൂമൻ എന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആസിഫ് അലി ചിത്രമായി മാറാനുള്ള കുതിപ്പിലാണ് ഇപ്പോൾ തലവൻ. കേരളത്തിൽ ഇപ്പോൾ ഈ ചിത്രത്തിന് കൂടുതൽ ഷോകളും സ്‌ക്രീനുകളും ലഭിച്ചു തുടങ്ങി. ചെറിയ സ്‌ക്രീനുകളിൽ നിന്നും വലിയ സ്‌ക്രീനുകളിലേക്കും ചിത്രം മാറ്റി തുടങ്ങി. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള വിവരവും പുറത്ത് വിടുകയാണ് സംവിധായകൻ ജിസ് ജോയ്. ഈ ചിത്രത്തിന് തീർച്ചയായും ഒരു രണ്ടാം ഭാഗം സംഭവിക്കുമെന്നും അതിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ്, ജാഫർ ഇടുക്കി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ്. ദീപക് ദേവാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close