പ്രശസ്ത സംവിധായകൻ ആയ ജീത്തു ജോസഫ് പുതിയ വർഷത്തിൽ തന്റെ പുതിയ മലയാള ചിത്രം ആരംഭിക്കാൻ പോവുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് റാം എന്നാണ് ജീത്തു പേര് നൽകിയിരിക്കുന്നത്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് റാം. ദൃശ്യം എന്ന വിസ്മയ വിജയത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസെഫ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിൽ തൃഷ, ഇന്ദ്രജിത്, ആദിൽ ഹുസൈൻ, സിദ്ദിഖ്, സായി കുമാർ, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഒട്ടേറെ വിദേശ ലൊക്കേഷനുകളിൽ ആയി ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം അടുത്ത ഓണം അല്ലെങ്കിൽ പൂജ സീസണിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ.
മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രം അമ്പതു കോടി കളക്ഷൻ നേടുന്നത് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം ആണ്. 75 കോടി ആണ് ഈ ചിത്രം നടത്തിയ ബിസിനസ്സ്. അതിനു ശേഷം മോഹൻലാൽ- വൈശാഖ് ചിത്രമായ പുലി മുരുകൻ 140 കോടിയുടെ ആഗോള കളക്ഷനും 150 കോടിക്ക് മുകളിൽ ടോട്ടൽ ബിസിനസ്സും നടത്തിയിരുന്നു. ഇപ്പോഴിതാ ഈ വർഷം റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ 130 കോടിയുടെ വേൾഡ് വൈഡ് കളക്ഷൻ ആണ് നേടിയത്. അതിനൊപ്പം ഈ ചിത്രം ആകെ നടത്തിയ ടോട്ടൽ ബിസിനസ്സ് 200 കോടി ആണെന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു.
ഇനി 200 കോടി എന്ന കളക്ഷൻ പോയിന്റ് ആണ് മലയാള സിനിമ ലക്ഷ്യം വെക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പലരും പറയുന്നത്. എന്നാൽ ജീത്തു ജോസഫ് ചോദിക്കുന്നത് 200 കോടി ഒക്കെ ഒരു മലയാളം സിനിമക്ക് നേടാൻ കഴിയുമോ എന്നാണ്. ഇപ്പോൾ ഉണ്ടെന്നു പറയുന്ന ഈ 200 കോടി ബിസിനസ്സ് ഒക്കെ സത്യമാണോ എന്നു തനിക്കു അറിയില്ല എന്നും, അത് സത്യം ആണോ എന്ന് അതുമായി ബന്ധപ്പെട്ടവർക്കെ അറിയൂ എന്നും ജീത്തു ജോസഫ് പറയുന്നു. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ ഇന്റർവ്യൂയിൽ ആണ് ജീത്തു ജോസഫ് ഇത് പറയുന്നത്. കളക്ഷൻ എന്നതിനെ കുറിച്ചു താൻ വ്യാകുലപ്പെടാറില്ല എന്നും നിർമ്മാതാവിന് നഷ്ടം വരരുത് എന്നു മാത്രമാണ് ആഗ്രഹം എന്നും അദ്ദേഹം പറയുന്നു.