ദൃശ്യം 2 വിൽ എന്തുക്കൊണ്ട് സഹദേവനെ ഉൾപ്പെടുത്തിയില്ല; കാരണം വ്യക്തമാക്കി ജീത്തു ജോസഫ്..!

Advertisement

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രമിപ്പോൾ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ആമസോൺ പ്രൈം റിലീസായി എത്തിയ ഈ ചിത്രം ഇന്ത്യൻ സിനിമയുടെ തന്നെ ചർച്ചാ വിഷയമായി മാറി. ഇന്ത്യക്കു പുറത്തു നിന്നുള്ള പ്രേക്ഷകർ പോലും പ്രശംസ വർഷിക്കുന്ന ഈ ചിത്രത്തിലെ പ്രകടനത്തിന്, നായകൻ മോഹൻലാൽ, മുരളി ഗോപി എന്നിവരൊക്കെ വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിൽ നിന്ന് നേടിയെടുക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ഭാഗമായിരുന്ന ദൃശ്യം മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറിയ സിനിമയായിരുന്നു. എന്നാൽ ആ ചിത്രത്തിൽ മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തിന് എതിരെ നിന്ന് കയ്യടി നേടിയെടുത്ത സഹദേവൻ എന്ന കഥാപാത്രം ദൃശ്യം 2 ഇൽ ഉണ്ടായില്ല. കലാഭവൻ ഷാജോൺ അവതരിപ്പിച്ച ആ കഥാപാത്രം എന്തുകൊണ്ട് ഈ രണ്ടാം ഭാഗത്തിൽ ഉണ്ടായില്ല എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

രണ്ട് രീതിയിലേ സഹദേവനെ ഈ ചിത്രത്തിൽ കൊണ്ടുവരാന്‍ പറ്റൂ എന്നും, അതിലൊന്ന് പൊലീസുകാരനായി ആണെന്ന് ജീത്തു ജോസഫ് പറയുന്നു. പക്ഷെ സാമാന്യ യുക്തി വെച്ച് ചിന്തിക്കുമ്പോൾ, ആദ്യ ഭാഗത്തിൽ സഹദേവൻ ജോർജ്ജുകുട്ടിയുടെ ഇളയ മകളെ തല്ലിയിട്ട് അത് വലിയ ഇഷ്യു ആയപ്പോഴാണ് ആ കഥാപാത്രത്തിന് സസ്‍പെന്‍ഷന്‍ ലഭിച്ചത്. പിന്നീട് വീണ്ടും ഒരന്വേഷണം നടക്കുമ്പോള്‍ ആ പൊലീസുകാരനെ ഒരിക്കലും പൊലീസ് ടീമിലേക്ക് കൊണ്ടുവരില്ല എന്നതാണ് യുക്തി. കാരണം ജനങ്ങളും മാധ്യമങ്ങളുമടക്കം എല്ലാവരും അതിനെതിരെ ചോദ്യങ്ങൾ ചോദിക്കും. അതുകൊണ്ട് തന്നെ ആ രീതിയിൽ സഹദേവനെ കൊണ്ട് വരിക എന്നത് സാധ്യമല്ല. പിന്നെയുള്ളത്, സഹദേവൻ ജോര്ജുകുട്ടിയോടുള്ള വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ എത്തുക എന്നതാണ്. പക്ഷെ അങ്ങനെ വന്നാൽ, ഇപ്പോൾ കഥ പറഞ്ഞ ട്രാക്കിലൂടെ കഥ പറയാൻ പറ്റാതെ വരികയും, ആ കഥാപാത്രത്തിന്റെ സാന്നിധ്യം മുഴച്ചു നിൽക്കുകയും ചെയ്യും. ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ജോർജുകുട്ടി പോരടിക്കുന്നതിനേക്കാൾ എപ്പോഴും കൂടുതൽ പഞ്ച് കിട്ടുന്നത് ഇപ്പോൾ ഉള്ള ട്രാക്കിലേതു പോലെ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിനും സിസ്റ്റത്തിനും എതിരെ അദ്ദേഹം ഫൈറ്റ് ചെയ്യുമ്പോൾ ആണെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close