2013 ഡിസംബർ മാസത്തിലാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്യുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മലയാള സിനിമയിൽ പുതിയ ചരിത്രം പിറന്നു. ഇത് പോലൊരു ചിത്രം മുൻപ് കണ്ടിട്ടില്ല എന്ന പ്രതികരണവുമായി കാണികൾ പുറത്തേക്കു വന്നതോടെ ദൃശ്യം കുതിപ്പ് തുടങ്ങി. പിന്നെ മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം പുഷ്പം പോലെ തകർത്തെറിഞ്ഞ ഈ ചിത്രം മലയാള സിനിമക്കു കേരളത്തിന് പുറത്തു നൽകിയ മാർക്കറ്റ് വളരെ വലുതായിരുന്നു. ഇന്ത്യൻ- വിദേശ ഭാഷകളിലായി ആറു റീമേക്കുകളാണ് ദൃശ്യത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്തു ആറു വർഷം കഴിയുമ്പോൾ ഇതിനു രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യം 2 ഉണ്ടാകുമോ എന്നുള്ള സിനിമാ പ്രേമികളുടെ നിരന്തരമായ അന്വേഷണങ്ങൾക്ക് ശേഷമാണു ഈ പ്രൊജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇപ്പോഴിതാ ഈ രണ്ടാം ഭാഗത്തെ കുറിച്ച് ജീത്തു ജോസഫ് കൂടുതൽ പറയുന്നു.
ദൃശ്യത്തിന്റെ കഥാതുടര്‍ച്ചയൊരുക്കാന്‍ മൂന്ന് വര്‍ഷമായി ആലോചന ആയിരിന്നുവെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ദൃശ്യം രണ്ടാം ഭാഗം ചെയ്യുമ്പോള്‍ വലിയ വെല്ലുവിളികളുണ്ട് എന്നും ദൃശ്യം ക്ലൈമാക്സ് കഴിഞ്ഞപ്പോൾ ലഭിച്ച കയ്യടികളാണ് രണ്ടാം ഭാഗമൊരുക്കുമ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി എന്നും അദ്ദേഹം പറയുന്നു. ആ സംഭവത്തിന് ശേഷമുള്ള ജോര്‍ജ്ജ്കുട്ടിയുടെ ജീവിതമാണ് ഇനി വരേണ്ടത് എന്നും അദ്ദേഹം പറയുന്നു. ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം, ഒരുപക്ഷെ ചിത്രീകരണത്തില്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് കൂടി പരിഗണിച്ച് ഷൂട്ട് ചെയ്യാനാകുന്ന രീതിയിലാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു. ആശീർവാദ് സിനിമാസ് തന്നെയാണ് ഈ രണ്ടാം ഭാഗവും നിർമ്മിക്കുന്നത്.