
മലയാളത്തിലെ മഹാവിജയമായ മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ മുഴുവനും ഇന്ത്യക്കു പുറത്തും സ്വീകരിക്കപ്പെട്ട ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോളതിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്. ആദ്യ ഭാഗത്തെ പോലെ ഒരു ത്രില്ലർ അല്ല രണ്ടാം ഭാഗമെന്നും പകരം ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് ദൃശ്യം 2 എന്നും ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ സമീപിച്ചാൽ പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു നല്ല സിനിമയായിരിക്കും ഇതെന്ന പൂർണ്ണ വിശ്വാസത്തോടെ തന്നെയാണ് ദൃശ്യം 2 ഒരുക്കാൻ താനും മോഹൻലാലും ആന്റണി പെരുമ്പാവൂരും വീണ്ടും കൈകോർത്തതെന്നും ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യത്തെ അപേക്ഷിച്ചു കൂടുതൽ മെലിഞ്ഞ ലുക്കിലാണ് ദൃശ്യം 2 ഇൽ മോഹൻലാൽ കഥാപാത്രമായ ജോർജ്‌കുട്ടി, മീന അവതരിപ്പിക്കുന്ന റാണി എന്നിവർ പ്രത്യക്ഷപ്പെടുന്നത്. അതിന്റെ കാരണമെന്തെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് ജീത്തു ജോസഫ്.

വളരെ രസകരമായ മറുപടിയാണ് ജീത്തു ജോസഫ് പറയുന്നത്. ദൃശ്യം എന്ന ചിത്രത്തിന്റെ കഥ നടന്നു ആറു വർഷത്തിന് ശേഷമുള്ള കഥയാണ് ദൃശ്യം 2 ഇൽ പറയുന്നത് എന്നും അതുകൊണ്ട് തന്നെ വലിയ ടെൻഷൻ നിറഞ്ഞ അവസ്ഥയിലൂടെ ഈ ആറു വർഷവും കടന്നു പോയത് കൊണ്ടാവാം ജോർജ്‌കുട്ടിയും റാണിയും മെലിഞ്ഞത് എന്നും ജീത്തു ജോസഫ് പറയുന്നു. ഏതായാലും ജോർജ്ജുകുട്ടിയും റാണിയും പഴയതിലും ചെറുപ്പമാണ് പുതിയ ലുക്കിൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. താടി വെച്ച ഗെറ്റപ്പിൽ കൂടിയാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം പ്രദർശനത്തിന് എത്തിക്കാൻ പാകത്തിനാണ് ദൃശ്യം 2 ഒരുങ്ങിക്കൊണ്ടിരിക്കുന്നതു.
ഫോട്ടോ കടപ്പാട്: Bennet M Varghese