മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ എന്ന് അടുത്തിടെയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തങ്ങൾ അതിന്റെ പണിപ്പുരയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
അതോടെ ദൃശ്യം 3 സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. ചിത്രം എന്നായിരിക്കും സംഭവിക്കുക എന്ന ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകരും പ്രേക്ഷകരും. ഇപ്പോഴിതാ, അതിനു മറുപടിയുമായി വന്നിരിക്കുകയാണ് ദൃശ്യം സീരിസിന്റെ സംവിധായകനായ ജീത്തു ജോസഫ്. ലാലേട്ടൻ പറഞ്ഞത് പോലെ മൂന്നാം ഭാഗത്തിനായി താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അതെന്ന് നടക്കുമെന്ന് തനിക്കറിയില്ലെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്.
ഷൂട്ടൊന്നും തീരുമാനം ആയിട്ടില്ല എന്നും ചിത്രം എഴുതി കഴിഞ്ഞില്ലല്ലോ എന്നും അദ്ദേഹം പറയുന്നു. ദൃശ്യം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് താൻ വിചാരിച്ചതല്ല എന്നും എല്ലാവരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ് അതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗത്തേക്കാൾ കൂടുതൽ പരിശ്രമം ഇത്തവണ മൂന്നാം ഭാഗത്തിനായി താൻ ഇടുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിലെ ആദ്യത്തെ അൻപത് കോടി ഗ്രോസ് നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യം അതിന് ശേഷം വിദേശ ഭാഷകൾ ഉൾപ്പെടെ ഏഴു ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. ദൃശ്യം 2 എന്ന ചിത്രവും ഇതിനോടകം മൂന്നോളം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ച് സംവിധാനം ചെയ്ത ദൃശ്യം 2013 ലാണ് റിലീസ് ചെയ്തത്. 2021 ലാണ് ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസായത്.
ആസിഫ് അലി നായകനായ മിറാഷ് ആണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. അതിന് ശേഷം മോഹൻലാൽ നായകനായ റാം സീരിസ്, ഫഹദ് ഫാസിൽ ചിത്രം എന്നിവയും ജീത്തു ജോസഫ് ചെയ്യും.