ക്ലൈമാക്സ് ഉൾപ്പെടെ ചിത്രീകരിച്ചതിനാൽ കഥയിൽ മാറ്റം വരുത്താനാവില്ല; റാമിന്റെ ചിത്രീകരണം ഇനിയെങ്ങനെ എന്നു വെളിപ്പെടുത്തി ജീത്തു ജോസഫ്

Advertisement

കോവിഡ് 19 ഭീഷണി മൂലം സിനിമാ ലോകം കഴിഞ്ഞ രണ്ടു മാസത്തിലധികമായി നിശ്ചലമായി കിടക്കുകയായതിനാൽ ഒട്ടേറെ മലയാള ചിത്രങ്ങൾ റിലീസ് കാത്തു കിടക്കുകയാണ്. ഒരുപാട് ചിത്രങ്ങളുടെ ഷൂട്ടിംഗ്, പ്രീ-പ്രൊഡക്ഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും മുടങ്ങി കിടക്കുന്നു. ഇനി എന്ന് ചിത്രീകരണം തുടങ്ങാനാവുമെന്നു പലർക്കും അറിയില്ല. ഒരുപാട് വൈകാതെ തന്നെ ലോകത്തിനെ ബാധിച്ച കൊറോണ ഭീഷണി ഒഴിയുമെന്നും എല്ലാം പഴയ പോലെ ആയി വരുമെന്നുമുള്ള പ്രതീക്ഷയിലാണ് സംവിധായകൻ ജീത്തു ജോസഫും. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാം എന്ന ചിത്രത്തിന്റെ ഇനിയുള്ള ചിത്രീകരണത്തെ കുറിച്ചും ജീത്തു ജോസഫ് മനസ്സ് തുറന്നതു ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ സോഷ്യൽ മീഡിയ ലൈവ് സംഭാഷണത്തിലാണ്. പകുതിയോളം ഷൂട്ടിംഗ് പൂർത്തിയായ റാമിന്റെ ഇന്ത്യയിലെ ഷെഡ്യൂളുകൾ പൂർത്തിയായി എന്നും ഇനി ബാക്കിയുള്ളത് ബ്രിട്ടൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഉള്ള ഷെഡ്യൂളുകൾ ആണെന്നും ജീത്തു ജോസഫ് പറഞ്ഞു.

എന്നാൽ കോവിഡ് ഭീഷണി തീർന്നു ഈ വർഷം ഒക്ടോബർ- നവംബർ മാസത്തോടെ മാത്രമേ റാമിന്റെ വിദേശ ഷെഡ്യൂൾ ആരംഭിക്കാൻ സാധ്യതയുള്ളൂ എന്നും അപ്പോഴേക്കും ഈ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ക്‌ളൈമാക്‌സ് ഉൾപ്പെടെയുള്ള രംഗങ്ങൾ ഷൂട്ട് ചെയ്തു കഴിഞ്ഞതിനാൽ ഇനി കഥയിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്നും അതുകൊണ്ടു തന്നെ മറ്റൊരു വഴിയുമില്ലെങ്കിൽ ബ്രിട്ടന് പകരം സമാന സാഹചര്യമുള്ള മറ്റേതെങ്കിലും വിദേശ രാജ്യത്തു ഷൂട്ട് ചെയ്യുകയേ നിവൃത്തിയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും അടുത്ത വർഷം മാത്രമേ റാം തീയേറ്ററുകളിലെത്താൻ സാധ്യതയുള്ളൂ എന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ, തൃഷ എന്നിവരാണ് ഈ ത്രില്ലർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close