മോഹൻലാലിന്റെ മകന്‍ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമയല്ല. വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് ആദി. അനാവശ്യമായി ഒരു സംഘട്ടനവും ഈ ചിത്രത്തിൽ തിരുകി കയറ്റിയിട്ടില്ല എന്നും സംവിധായകൻ ജിത്തു ജോസഫ് വ്യക്തമാക്കുന്നു. ചിത്രത്തിൽ വളരെ കുറച്ചു ആക്ഷൻ രംഗങ്ങൾ മാത്രമാണുള്ളത്. എന്നാൽ ഉള്ള രംഗങ്ങൾ വലിയ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു.
ഡ്യൂപ്പിന്‍റെ സഹായം ഇല്ലാതെ ആണ് പ്രണവ് മോഹൻലാൽ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്‌തത്. ഡ്യൂപ്പിനെ വച്ചു ചെയ്യാൻ തീരുമാനിച്ച സാഹസിക രംഗങ്ങൾ താൻ തന്നെ ചെയ്യാമെന്ന ആത്മവിശ്വാസത്തോടെ പ്രണവ് മുന്നോട്ടുവരികയായിരുന്നു. ഫ്രാൻസിൽ നിന്നടക്കം ഇതിലെ അപകടം പിടിച്ച ആക്ഷൻ രംഗങ്ങൾ ഒരുക്കാന്‍ ആളുകൾ എത്തിയിരുന്നു.
ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കര്‍ പരിശീലനവും നേടിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ‘ആദി’. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എെന്റർടെയ്നറാണ് ചിത്രമെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു.
സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ അയൂബ് ഖാൻ ആണ്.ചിത്രത്തിൽ സ്ത്രീപ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നത് അനുശ്രീയും, ലെനയും, അതിഥി രവിയുമാണ്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക് എന്നിവർ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.