മലയാളത്തിലെ പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് ഇപ്പോൾ മോഹൻലാൽ നായകനായ റാം എന്ന ചിത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതിയോളം തീർത്തു കഴിഞ്ഞപ്പോഴാണ് കൊറോണ ഭീതി മൂലം സിനിമാ രംഗം നിശ്ചലമായതും അതുപോലെ രാജ്യം ലോക്ക് ഡൗണിലായതും. റാമിന്റെ ഇനിയുള്ള ഭാഗം വിദേശത്തു ഷൂട്ട് ചെയ്യേണ്ടതായതിനാൽ തന്നെ അതെന്നു തുടങ്ങാൻ പറ്റുമെന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നു ജീത്തു ജോസഫ് ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ മനീഷ് നാരായണനോട് പറഞ്ഞു. എന്നാൽ ഈ ലോക്ക് ഡൌൺ സമയത്തു താൻ രണ്ടു ചിത്രങ്ങളുടെ തിരക്കഥ പൂർത്തിയാക്കി എന്നും റാം തുടങ്ങാൻ വൈകിയാൽ അതിൽ ഒരു തിരക്കഥ സിനിമയായി റാമിന് മുൻപേ തീയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ ഒഫീഷ്യലായി നിർമ്മാതാവ് ഉൾപ്പെടെ പ്രഖ്യാപിക്കാതെ അതേ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാവില്ല എന്നും അദ്ദേഹം പറയുന്നു.
അതിന്റെ താരനിരയൊക്കെ ഏകദേശം തീരുമാനമായി എന്നും അദ്ദേഹം പറഞ്ഞു. അതിൽ ഒരെണ്ണം പൂർണ്ണമായും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള തിരക്കഥ ആണെന്നും മറ്റേതും ത്രില്ലർ സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതുപോലെ മോഹൻലാൽ തന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചു വിളിച്ചിരുന്നു എന്നും അപ്പോൾ റാമിന്റെ ചിത്രീകരണത്തെ കുറിച്ചും കൂടാതെ മറ്റു ചില കഥകളെ കുറിച്ചും അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു എന്നും ജീത്തു ജോസഫ് തുറന്നു പറഞ്ഞു. നേരത്തെ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കു വേണ്ടി ജീത്തു ജോസഫ് ഒരു ചിത്രമൊരുക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നിരുന്നു. മോഹൻലാൽ ആവും അതിലെ നായകനെന്നും അന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.