മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് 2013ൽ ആദ്യമായി ഒന്നിച്ചപ്പോൾ ഇൻഡസ്ട്രി ഹിറ്റാണ് പിറന്നത്. സിനിമ പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് ദൃശ്യം രണ്ടാം ഭാഗത്തിന്റെ അന്നൗൻസ്മെന്റ് അടുത്തിടെ ജീത്തു ജോസഫ് നടത്തുകയുണ്ടായി. ദൃശ്യം 2ന്റെ മോഷൻ പോസ്റ്ററും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കൊറോണയുടെ കടന്ന് വരവ് മൂലം ലോക്ക് ഡൗൺ സമയത്താണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ ജീത്തു ജോസഫ് ആരംഭിച്ചത്.
അടുത്തിടെ നടന്ന ഒരു ഓൺലൈൻ ഇന്റർവ്യൂയിൽ അവതാരകൻ ജീത്തു ജോസഫിനോട് ലോക്ക് ഡൗൺ സമയത്ത് ദൃശ്യം 2ന്റെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് വല്ല തടസ്സം നേരിട്ടിരുന്നോ എന്ന് ചോദിക്കുകയുണ്ടായി. ഒന്ന്, രണ്ട് സീനുകൾ മാത്രമാണ് കൊറോണയുടെ കടന്ന് വരവ് മൂലം ദൃശ്യം രണ്ടാം ഭാഗത്തിനെ ബാധിച്ചതെന്ന് സംവിധായകൻ തുറന്ന് പറയുകയുണ്ടായി. റാം സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം എഴുതാൻ ആയിരുന്നു ആദ്യം തീരുമാനിച്ചതെന്നും ലോക്ക് ഡൗൺ മൂലം ഒരുപാട് സമയം കിട്ടിയ സന്തോഷത്തിൽ എഴുതുകയായിരുന്നു എന്ന് ജീത്തു ജോസഫ് സൂചിപ്പിക്കുകയുണ്ടായി. ഷൂട്ട് ചെയ്യുന്ന സമയത്ത് കൊറോണയുടെ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന് കരുതി ക്രൗഡ് വരുന്ന സീനുകളാണ് തിരുത്തി എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം സിനിമയുടെ ഷൂട്ടിംഗ് പാതി വഴിയിൽ നിൽക്കുകയാണ്. തൃഷയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്.