എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ ആ ചിത്രത്തിനും രണ്ടാം ഭാഗം സംഭവിക്കും; വെളിപ്പെടുത്തി ജീത്തു ജോസഫ്..!

Advertisement

ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റും, മെമ്മറീസ്, മൈ ബോസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോൾ മോഹൻലാൽ നായകനായ റാം എന്ന ചിത്രവും അതുപോലെ ദൃശ്യം രണ്ടാം ഭാഗവും ഒരുക്കിയ അദ്ദേഹം തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രങ്ങൾ ഒരുക്കിയ പ്രതിഭയാണ്. ദൃശ്യത്തിന് രണ്ടാം ഭാഗം വന്നത് പോലെ അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രമായ മെമ്മറീസിനും ഒരു രണ്ടാം ഭാഗം വരുമോ എന്ന് സിനിമാ പ്രേമികൾ ചോദിച്ചു തുടങ്ങിയിട്ട് ഏറെ കാലമായി. അതിൽ പൃഥ്വിരാജ് അവതരിപ്പിച്ച സാം അലക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന് ആരാധകർ ഏറെയാണ്. പുതിയ ഒരു കേസുമായി സാം അലക്സിനെ തിരിച്ചു കൊണ്ട് വന്നു കൂടെ എന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ജീത്തു ജോസഫ്. മെമ്മറീസ് രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചനയുണ്ടെന്നും എന്നാൽ അതിന്റെ കഥയ്ക്ക് ഒരു തുടർച്ച സാധ്യമല്ല എന്നും ജീത്തു പറയുന്നു.

മറ്റേതെങ്കിലും രീതിയിൽ ആ കഥാപാത്രത്തെ കൊണ്ട് വരാൻ കഴിയുമോ എന്ന ആലോചന ഉണ്ടെന്നും എന്തെങ്കിലും വഴി തെളിഞ്ഞാൽ തീർച്ചയായും സാം അലക്സ് പ്രേക്ഷകരുടെ മുന്നിൽ ഒരിക്കൽ കൂടിയെത്തുമെന്നും ജീത്തു ജോസഫ് പറയുന്നു. ആദ്യത്തെ ഭാഗത്തിൽ നല്ലൊരു കഥാപാത്ര രൂപീകരണം ഉണ്ടായിരുന്നു എങ്കിലും അതിൽ അവസാനം കൊലയാളിയെ കൊല്ലുന്നതിനാൽ സാം അലക്സ് എന്ന കഥാപാത്രത്തിന്റെ സാഹചര്യം മാറിയത് കൊണ്ട്, ഇനി കഥാപരമായി അതിനു ഒരു തുടർച്ചയില്ല എന്നും ജീത്തു വിശദീകരിക്കുന്നു. പക്ഷെ വേറെ ഏതെങ്കിലും രീതിയിൽ വിശ്വസനീയമായി ആ കഥാപാത്രത്തെ കൊണ്ട് വരാൻ സാധിക്കുമോ എന്നത് ഗൗരവമായി തന്നെ താൻ ചിന്തിക്കുന്നുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണെങ്കിൽ ആദ്യ ഭാഗത്തിന്റെ കഥാപരമായ തുടർച്ച തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close