ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടൻ ജയസൂര്യ..!

Advertisement

നടൻ ജയസൂര്യയെ നായകനാക്കി പ്രശസ്‌ത സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രമാണ് സണ്ണി. ഇതിലെ ഗംഭീര പ്രകടനത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പുകഴ്ത്തിയ ജയസൂര്യ, ഇതിലൂടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വമ്പൻ പുരസ്‍കാരം കൂടി ജയസൂര്യയെ തേടിയെത്തിയിരിക്കുകയാണ്. ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുന്നത് ജയസൂര്യയെ ആണ്. സണ്ണി എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ ഇതിലും തുണച്ചത്. അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്ത വിവരം സംഘാടകർ സംവിധായകൻ രഞ്ജിത് ശങ്കറിനേയും ജയസൂര്യയെയും അറിയിച്ചിരുന്നു എങ്കിലും കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങൾ മൂലം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഇരുവർക്കും സാധിച്ചില്ല. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ തമിഴ്‌ സിനിമ കൂഴങ്ങൾ ആണ് മികച്ച ഫീച്ചർ സിനിമക്കുള്ള അവാർഡ് നേടിയത്. ഇന്ത്യയിൽ നിന്നുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചതും ഈ ചിത്രത്തിനാണ്.

ഡോ.ബിജു സംവിധാനം ചെയ്ത ദി പോർട്രൈറ്സ്, ഷരീഫ് ഈസ ഒരുക്കിയ ആണ്ടാൾ, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവർ തുടങ്ങിയ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് ഈ ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി ഈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപെട്ടത്‌. നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും മണ്ണ് എന്ന ചിത്രം മാത്രമാണ് തിരഞ്ഞെടുക്കപെട്ടത്‌. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായി ഒരുക്കിയ സണ്ണി, ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചതും. ജയസൂര്യ മാത്രം അഭിനയിച്ച ചിത്രം കൂടിയാണ് സണ്ണി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close