രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി എത്തുകയാണ് മലയാള സിനിമാ ലോകം. ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ചു മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ലിനുവിന്റെ കുടുംബത്തിന് ഒരു സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. അഞ്ചു ലക്ഷം രൂപയാണ് ജയസൂര്യ ലിനുവിന്റെ കുടുംബത്തിന് നൽകിയിരിക്കുന്നത്. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണക്കാക്കിയാൽ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടി ലിനുവിന്റെ അമ്മയോട് ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. എന്ത് സഹായത്തിനും തങ്ങൾ എല്ലാവരും കൂടെ ഉണ്ടെന്നും മമ്മൂട്ടി അറിയിച്ചു.
അച്ഛനും അമ്മയ്ക്കുമൊപ്പം ആണ് 34 വയസുള്ള ലിനു എന്ന ചെറുപ്പക്കാരൻ ദുരിതാശ്വാസ ക്യാംപിലേക്കു എത്തിയത്. അവരെ അവിടെ ആക്കിയതിനു ശേഷം വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ പോയ ലിനു പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു. യുവാക്കള്‍ രണ്ടു സംഘമായി രണ്ട് തോണികളില്‍ ആണ് രക്ഷാപ്രവർത്തനത്തിന് പോയത് എങ്കിലും ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി മുന്നോട്ടു പോവുകയായിരുന്നു. ലിനുവിനെ കാണാനില്ല എന്നറിഞ്ഞതോടെ അവർ അന്വേഷണം ആരംഭിച്ചു. ആദ്യം ബന്ധു വീടുകളിൽ ഒക്കെ അന്വേഷിച്ചു എങ്കിലും ഒരറിവും ലഭിച്ചില്ല. പിന്നീട് അഗ്നി ശമന സേന നടത്തിയ തിരച്ചിലിൽ ആണ് ലിനുവിന്റെ മൃതദേഹം കണ്ടെടുത്തത്. ലിനുവിന്റെ സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടായിരുന്നു. മലയാള സിനിമയിൽ നിന്ന് ജയസൂര്യ, ടോവിനോ, ജോജു ജോർജ്, സണ്ണി വെയ്ൻ, കുഞ്ചാക്കോ ബോബൻ എന്നിവർ സജീവമായി ദുരിതാശ്വാസ പ്രവർത്തന രംഗത്തുണ്ട്.