സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച ഗുരുനാഥൻ വിനയൻ സാറിനും നന്ദി: ജയസൂര്യ

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ജയസൂര്യ. വ്യത്യസ്തമായതും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ജയസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് ഇപ്പോൾ ഇരുപതു വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. അഭിനയ ജീവിതത്തിന്റെ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ ജയസൂര്യക്ക് ഏഷ്യാനെറ്റ് ആദരം നൽകിയിരുന്നു. ഉലകനായകൻ കമൽ ഹാസനിൽ നിന്നാണ് ജയസൂര്യ ആ ആദരം ഏറ്റു വാങ്ങിയത്. അതിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് ജയസൂര്യ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച തന്റെ ഗുരുനാഥനായ വിനയൻ സാറിനും നന്ദി പറയുന്നു എന്ന് ജയസൂര്യ കുറിക്കുന്നു. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായി അരങ്ങേറ്റം കുറിച്ചത്.

തന്റെ ഇരുപത് വർഷം നീണ്ട സിനിമാ ജീവിതത്തെ കുറിച്ച് ജയസൂര്യ കുറിച്ച വാക്കുകൾ ഇങ്ങനെ, “കലാദേവത” കനിഞ്ഞു തന്ന സമ്മാനം. ഒരു സിനിമയിൽ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാൻ. ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. Asianet ന് എന്റെ നിറഞ്ഞ സ്നേഹം, നന്ദി, ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച എന്റെ ഗുരുനാഥൻ വിനയൻ സാറിനും. “സകലകലാവല്ലഭൻ ” എന്ന വാക്ക്തന്നെ നമ്മൾ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭയക്ക് ഒപ്പം രണ്ടു ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ( വസൂൽ രാജ MBBS , Four Friends ). 20years Acting excellence പുരസ്ക്കാരം ഈ മഹാപ്രതിഭയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നു. ഇതു സാധ്യമായത് എന്റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവിൽ, ഇതിനു കാരണമായ എല്ലാത്തിനും എല്ലാവർക്കും എന്റെ പ്രണാമം..”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close