മലയാളത്തിന്റെ പ്രിയ താരം ജയറാം ഇപ്പോൾ അന്യ ഭാഷകളിലും ഏറെ സജീവമാണ്. തമിഴിലും തെലുങ്കിലും വലിയ പ്രോജക്ടുകളുടെ ഭാഗമാണ് ജയറാം. തെലുങ്കിൽ അല്ലു അർജുന്റെ അച്ഛൻ ആയി ഒരു ചിത്രത്തിൽ അഭിനയിക്കുന്ന ജയറാം ഈ വർഷം ആരംഭിക്കാൻ പോകുന്ന മണി രത്‌നം ചിത്രത്തിന്റെയും ഭാഗമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് അല്ലു അർജുൻ ചിത്രത്തിലെ ജയറാമിന്റെ ലുക്ക് ആണ്. ഗംഭീര മേക് ഓവർ ആണ് ജയറാം ഈ ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. ശരീരം നന്നായി കുറച്ച ജയറാമിനെ കണ്ടാൽ ഇപ്പോൾ ഒരു യുവാവിന്റെ ശരീര ഭാഷയാണ്. തന്റെ പുതിയ ലുക്ക് ജയറാം തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചത്.
മകൻ കാളിദാസന് അച്ഛൻ ഒരു വെല്ലുവിളിയാകുമോ എന്നാണ് വളരെ രസകരമായ രീതിയിൽ സോഷ്യൽ മീഡിയ ചോദിക്കുന്നത്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഗംഭീര മേക് ഓവറുകൾ നടത്തി ഏറെ ശ്രദ്ധ നേടിയവർ ആണ്. അറുപത്തിയെട്ടാം വയസ്സിലും ചുള്ളനായി നടക്കുന്ന മമ്മൂട്ടിയും അന്പത്തിയൊമ്പതാം വയസ്സിലും ചെറുപ്പക്കാരുടെ മെയ് വഴക്കവും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന മോഹൻലാലും ഇന്ന് മറ്റു സിനിമാ ഇന്ഡസ്ട്രികളിൽ ഉള്ളവർക്ക് പോലും അത്ഭുതം ആണ്. ഇപ്പോഴിതാ തന്റെ സീനിയേഴ്സിന്റെ പാതയിലൂടെ ആണ് ജയറാമിന്റേയും സഞ്ചാരം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന ചിത്രമാണ് ജയറാമിന്റെ അടുത്ത മലയാളം റിലീസ്.