ആ ഷോട്ട് കഴിഞ്ഞതും മമ്മൂക്ക കൊച്ചുകുഞ്ഞുങ്ങളെ പോലെയിരുന്ന് പൊട്ടിക്കരയുന്നു; ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് നടൻ ജയറാം..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമൊത്തു ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടൻ ആണ് ജയറാം. ഇപ്പോഴിതാ സത്യൻ അന്തിക്കാട് ഒരുക്കിയ അർഥം എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സമയത്തെ അനുഭവം പങ്കു വെക്കുകയാണ് ജയറാം. വളരെ സെന്‍സിറ്റീവായ ഒരു വ്യക്തിത്വത്തിനുടമയാണ് മമ്മൂട്ടി എന്ന് വ്യക്തമാക്കുന്ന ഷൂട്ടിംഗ് ഓര്‍മ്മകളാണ് ജയറാം പങ്കു വെക്കുന്നത്. അദ്ദേഹം അത് പറയുന്ന വീഡിയോ ആരാധകർക്കിടയിൽ പ്രചരിക്കുകയുമാണ്. അതിൽ ജയറാം പറയുന്ന വാക്കുകൾ ഇങ്ങനെ, അര്‍ത്ഥം സിനിമയില്‍ ഞാന്‍ ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്ന ഒരു സീനുണ്ട്. അതില്‍ മമ്മൂക്ക വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണ് രംഗം. ഇന്നൊക്കെയാണെങ്കില്‍ ഗ്രീന്‍ മാറ്റ് ഒക്കെ വെച്ച് ഷൂട്ട് ചെയ്യാം. എന്നാല്‍ അന്ന് അത്രയ്ക്ക് സാങ്കേതിക സൗകര്യങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ ശരിക്കുള്ള റെയില്‍വേ ട്രാക്കിലാണ് ഷൂട്ട് ചെയ്തത്. ട്രെയിന്‍ വരുമ്പോള്‍ മമ്മൂക്ക എന്നെയും വലിച്ച് കൊണ്ട് ഒരു വശത്തേക്ക് ചാടുന്നതായിരുന്നു സീന്‍. കൊല്ലം- ചെങ്കോട്ട ഭാഗത്താണ് ഈ സീനിന്റെ ഷൂട്ട് നടന്നത് എന്നും അന്ന് ഷൂട്ടിംഗ് നടക്കുന്നുവെന്ന് കേട്ട് ആയിരക്കണക്കിന് ജനങ്ങളും അവിടെ തടിച്ചുകൂടിയിരുന്നു എന്നും ജയറാം ഓർത്തെടുക്കുന്നു.

ഏകദേശം ഏഴ് മണിക്കാണ് ട്രെയിന്‍ പാസ് ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ ആ സമയത്തു ഈ സീൻ എടുക്കാൻ ആണ് അവർ പ്ലാൻ ചെയ്തത്. എല്ലാവരും ഉച്ചയോടെ തന്നെ എത്തുകയും വൈകുന്നേരം ആയപ്പോള്‍ സത്യന്‍ അന്തിക്കാട് സീന്‍ വിവരിച്ച് കൊടുക്കുകയും ചെയ്തു. തൊട്ടടുത്ത് ട്രെയിന്‍ എത്തുമ്പോഴേക്ക് ചാടണമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അപ്പോള്‍ ജയറാം മമ്മൂട്ടിയെ നോക്കി പറഞ്ഞത്, മമ്മൂക്ക, എന്റെ ജീവന്‍ നിങ്ങളുടെ കൈയ്യിലാണ്, കൃത്യസമയത്ത് മാറ്റിയില്ലെങ്കില്‍ എന്റെ പരിപാടി തീരും കേട്ടോ എന്നാണ്. മമ്മൂക്ക വളരെ കോണ്‍ഫിഡന്റ് ആയി എല്ലാം ഒക്കെയാകും എന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ എഞ്ചിന്‍ ഡ്രൈവര്‍ വന്ന് അവരോടു പറഞ്ഞത് രാത്രിയിൽ ട്രെയിനിന് ഹെഡ്‌ലൈറ്റ് മാത്രെ ഉണ്ടാകുകയുള്ളു, ഹെഡ്‌ലൈറ്റ് എത്ര ദൂരെയാണെന്ന് ഒരു മനുഷ്യന് കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റില്ല എന്നാണ്. ശബ്ദവും ചിലപ്പോള്‍ തൊട്ടടുത്ത് എത്തുമ്പോഴായിരിക്കും അറിയുക എന്നും കൂടി അയാൾ പറഞ്ഞതോടെ മമ്മൂട്ടി ടെൻഷൻ ആവാൻ തുടങ്ങി. ഷോട്ട് റെഡി എന്ന് സത്യൻ അന്തിക്കാട് പറഞ്ഞതോടെ മമ്മൂട്ടിയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി. അങ്ങനെ അവർ ഷോട്ട് എടുത്തു. ട്രെയിൻ വന്നപ്പോൾ ജയറാമിനേയും കൊണ്ട് ട്രാക്കിന് പുറത്തേക്ക് മമ്മൂട്ടി ചാടി. ഇതുകഴിഞ്ഞതും ജനങ്ങള്‍ കൈയ്യടിക്കാന്‍ തുടങ്ങി എങ്കിലും താൻ നോക്കുമ്പോള്‍ മമ്മൂക്ക കൊച്ചുകുഞ്ഞിനെപോലെ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു എന്നാണ് ജയറാം പറയുന്നത്. അതാണ് ആ മനുഷ്യന്റെ മനസ്സ് എന്നും ജയറാം കൂട്ടിച്ചേർക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close