കുടുംബസദസ്സുകളുടെ പ്രിയ നായകൻ ജയറാം വലിയ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന ചിത്രം പഞ്ചവർണ്ണ തത്ത റിലീസിനൊരുങ്ങുകയാണ്. പ്രിയ ഹാസ്യതാരം രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രമാണ് പഞ്ചവർണ്ണ തത്ത. ചിത്രത്തിനായി ഇതുവരെയില്ലാത്ത മേക്കോവറുകളാണ് ജയറാം സ്വീകരിച്ചിട്ടുള്ളത്. ചിത്രത്തിനായി തല മുണ്ഡനം ചെയ്ത ജയറാം അന്നുതന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്നുവരെ കാണാത്ത മേക്കോവറിൽ ജയറാം എത്തുന്ന ചിത്രമായതുകൊണ്ടു തന്നെ ആരാധകരും വലിയ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. വലിയ രീതിയിൽ ഓളം സൃഷ്ടിച്ച ട്രൈലർ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ട്രൈലർ 15 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി തകർപ്പൻ മുന്നേറ്റമാണ് യൂട്യൂബിലും ഫേസ്ബുക്കിലുമായി നടത്തിയത്.
ട്രെയിലറിൽ പ്രത്യക്ഷപ്പെട്ട ജയറാം വ്യത്യസ്ത ഗെറ്റപ്പ് കൊണ്ടും ശബ്ദവ്യതിയാനം കൊണ്ടും പ്രേക്ഷകർക്ക് അത്ഭുദമായി മാറിയിരിക്കുകയാണ്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിൽ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പക്ഷിമൃഗാദികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ, അവയെ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന ഒരു കഥാപാത്രമായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മല്ലികാ സുകുമാരൻ, അശോകൻ, സലിംകുമാർ, ധർമ്മജൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഹരി പി. നായരും രമേഷ് പിഷാരടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന് വേണ്ടി മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം പൊട്ടിച്ചിരിപ്പിക്കുവാൻ വിഷുവിന് തിയറ്ററുകളിലെത്തും.