ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്തയുടെ വിജയം ആഘോഷിക്കുവാൻ ജയറാം എത്തുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചുവരവ്, ചിത്രത്തിലൂടെ നടത്തിയ ജയറാം പ്രേക്ഷകരെ കാണുവാനും സന്തോഷം പങ്കുവയ്ക്കുവാനും തിയേറ്ററുകളിലെത്തുന്നു. ജയറാമിനൊപ്പം ചിത്രത്തിൽ അഭിനയിച്ച പഞ്ചവർണതത്തയും ഒപ്പമുണ്ടാകും. ഇന്നാണ് ജയറാം പ്രേക്ഷകരെ കാണുവാനായി മൂന്നോളം തിയറ്ററുകളിലെത്തുന്നത്. തൃശ്ശൂർ രാംദാസ്, തൃശൂർ inox, പാലക്കാട് പ്രിയദർശനി തുടങ്ങിയ തിയറ്ററുകളിലായിരിക്കും ജയറാം എത്തുക. തീയറ്ററുകളിലെത്തി പ്രേക്ഷകരോടോപ്പം വിജയം ആഘോഷിച്ചായിരിക്കും ജയറാം മടങ്ങുക. ചിത്രം വലിയ വിജയമാക്കി മാറ്റിയതിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് മുൻപ് തന്നെ ജയറാം നവമാധ്യമങ്ങളിൽ എത്തിയിരുന്നു.
ഏറെക്കാലത്തിന് ശേഷമാണ് ജയറാം ഇത്രവലിയ ഒരു തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ റിലീസ് വരെ നീണ്ട യാത്രയിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ജയറാമിനെ ആയിരുന്നു പ്രേക്ഷകർ കാണാൻ സാധിച്ചത്. വ്യത്യസ്ത ഗെറ്റപ്പിൽ ആയിരുന്നു ജയറാം ചിത്രത്തിൽ വന്നെത്തിയത്. വ്യത്യസ്തമായ ഗെറ്റപ്പിന് വേണ്ടി മണിക്കൂറുകളോളം മേക്കപ്പ് റൂമിൽ ചെലവഴിച്ചാണ് ജയറാം കഥാപാത്രമായി മാറിയത്. എന്തുതന്നെയായാലും ജയറാമിന്റെ കഷ്ടപ്പാടുകൾക്ക് വലിയ ഫലമുണ്ടായി എന്നുതന്നെ പറയാം. ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതോടുകൂടി വലിയ വിജയമായി മാറിയിരിക്കുകയാണ്. ആദ്യ ചിത്രം തന്നെ വിജയിച്ചതിലുള്ള സന്തോഷത്തിലാണ് സംവിധായകൻ രമേഷ് പിഷാരടിയും. ചിത്രത്തിൽ ജയറാമിനൊപ്പം നായകനായി എത്തിയ കുഞ്ചാക്കോബോബനും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഇവരെ കൂടാതെ ധർമ്മജൻ, സലിംകുമാർ, അനുശ്രീ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മണിയൻപിള്ള രാജു നിർമ്മിച്ച പഞ്ചവർണ്ണതത്ത പ്രേക്ഷകപ്രീതിയോടെ പാറിപ്പറക്കുകയാണ്.