ഹരിശ്രീ അശോകന്റെ ചിത്രം ഷാങ്ങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കു..!

Advertisement

ലോക സിനിമയിൽ ഏറെ പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ് ഷാങ്ങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇപ്പോഴിതാ ഈ മേളയുടെ 23 ആം പതിപ്പിലേക്കു ഒരു മലയാള ചിത്രം കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത ഹാസ്യ താരം ഹരിശ്രീ അശോകനെ നായകനാക്കി പ്രശസ്ത സംവിധായകൻ ജയരാജ് ഒരുക്കിയ ഹാസ്യം എന്ന ചിത്രത്തിനാണ് ഈ നേട്ടം കൈവന്നിരിക്കുന്നത്. ജയരാജിന്‍റെ നവരസ പരമ്പരയിലുള്ള എട്ടാമത്തെ സിനിമയാണ് ഹാസ്യം. ബ്ലാക്ക്‌ ഹ്യൂമർ എന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന വിവരമാണ് ഇപ്പോൾ നമ്മുക്കു ലഭിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന ജപ്പാൻ എന്നു പേരുള്ള ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ഹരിശ്രീ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവൻ, വാവച്ചൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നും അതുപോലെ കൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വളഈ കര്‍ശനമായ മാനദണ്ഡങ്ങളോടെയായിരിക്കും മേള നടക്കുകയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം ജൂലൈ 18 മുതൽ 27 വരെയായിരിക്കും മേള നടക്കുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഹാസ്യം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നതും സംവിധായകൻ ജയരാജ് തന്നെയാണ്. എപ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ ജഹാംഗീർ ഷംസ് നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് ഇളമ്പിള്ളിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിപിൻ മണ്ണൂരുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close