‘സംഘട്ടനരംഗങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ മനസ്സിൽ വരുന്നത് ജയൻ നൽകിയ ഉപദേശം’; ജയനോടൊപ്പമുള്ള അഭിനയമുഹൂർത്തങ്ങൾ ഓർത്തെടുത്ത് മോഹൻലാൽ

Advertisement

മലയാളസിനിമാചരിത്രത്തിന്റെ രണ്ട് സുവർണകാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന താരങ്ങളാണ് ജയനും മോഹൻലാലും. സഞ്ചാരി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സഞ്ചാരിയിലെ ആ അഭിനയരംഗങ്ങൾ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ഓര്‍മകള്‍ വിളിച്ചോതുന്ന ഭാനുപ്രകാശിന്റെ ‘ഗുരുമുഖങ്ങള്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സംഘട്ടനരംഗങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ ജയൻ നൽകിയ ഉപദേശമാണ് തന്റെ മനസിലെന്ന് മോഹൻലാൽ പറയുന്നു.

മോഹൻലാലിൻറെ വാക്കുകളിലൂടെ;

Advertisement

പുതുമുഖമെന്ന നിലയില്‍ വലിയ ഭാഗ്യങ്ങള്‍ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു ‘മഞ്ഞില്‍വിരിഞ്ഞ പൂക്കളി’നുശേഷം ഞാനഭിനയിച്ച ‘സഞ്ചാരി’. ജയനും പ്രേംനസീറുമായിരുന്നു നായകന്‍മാര്‍. പ്രധാന വില്ലന്‍ വേഷം എനിക്കായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ ‘സഞ്ചാരി’യുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ജയനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്‌നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയന്‍ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പര്‍ ഹീറോ ഭാവം അദ്ദേഹത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരും ആരാധകരുമുള്‍പ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു. ‘സഞ്ചാരി’യില്‍ ഞാനും ജയനും തമ്മില്‍ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന്‍ ഉപദേശിച്ചു. ‘സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടു കൂടി ചെയ്യണം.’ ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു.

സഞ്ചാരി’യുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയില്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നിരുന്നു. നസീര്‍ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന്‍ പറഞ്ഞു: ”പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും.” പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നു ആ വാക്കുകളെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close