മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമാണ് 1987 ഇൽ റിലീസ് ചെയ്ത ന്യൂ ഡൽഹി എന്ന ചിത്രം. കാരണം തുടർ പരാജയങ്ങളിൽ പെട്ട് കരിയർ തന്നെ അവസാനിക്കുമെന്ന ഘട്ടത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ മമ്മൂട്ടിയെ ഉയർത്തെഴുനേൽപ്പിച്ച ചിത്രമാണ് ന്യൂ ഡൽഹി. ആ വർഷത്തെ വമ്പൻ വിജയങ്ങളിൽ ഒന്നായി മാറിയ ഈ ചിത്രം രചിച്ചത് ഡെന്നിസ് ജോസഫും സംവിധാനം ചെയ്തത് ജോഷിയുമാണ്. ജൂബിലി ജോയ് നിർമ്മിച്ച ഈ ചിത്രത്തിലെ ജി കെ എന്ന മമ്മൂട്ടി കഥാപാത്രം ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇന്നും ആവേശം പകരുന്ന ഒരു മാസ്സ് കഥാപാത്രമാണ്. ജയാനൻ വിൻസെന്റ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, ത്യാഗരാജൻ, ഉർവശി, ദേവൻ, സുമലത, വിജയ രാഘവൻ, മോഹൻ ജോസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ജയാനൻ വിൻസെന്റ് ആണ് ഇതിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ പോകുന്നത് എന്ന വാർത്ത പുറത്തു വിട്ടത് പ്രശസ്ത സംവിധായകനായ എം എ നിഷാദ് ആണ്.
ജയാനൻ വിന്സന്റിനെ കുറിച്ച് എം എ നിഷാദ് കുറിച്ച വാക്കുകൾ ഇങ്ങനെ, ജയാനൻ വിൻസെന്റ്റും,ഒരു മാർ ഇവാനിയോസ് കാലവും. അങ്ങനെ ഒരു കാലത്തെ ചിത്രം കണ്ണിൽ പെട്ടത്, ഇന്ന് ഈ കൊറോണക്കാലത്തെ, അടുക്ക് ചിട്ടപ്പെടുത്തുകൾക്കിടയിലാണ്. മലയാളത്തിലെ പ്രതിഭാധനരായ രണ്ട് കലാകാരന്മാർ, ജയാനൻ വിൻസെന്റ്റും, ഡെന്നീസ് ജോസഫും, അവരുടെയിടയിൽ ആത്മനിവൃതിയോടെ നിൽക്കുന്ന ഈയുളളവന്റ്റെ പടം മനു അങ്കിൾ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചെടുത്തതാണ്. തിരുവനന്തപുരത്തെ, സുന്ദരസുരഭിലമായ കാലം, മാർ ഇവാനിയോസ് എന്ന ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമായ കലാലയത്തിലെ, സുവർണ്ണകാലമെന്നും വിശേഷിപ്പിക്കപെടേണ്ട കാലം. സിനിമയെന്ന സ്വപ്നം, ഒരു ഭ്രാന്തായി കൊണ്ട് നടക്കുന്ന കാലം. അങ്ങനെയൊരു നാൾ, ഇവാനിയോസിന്റ്റെ അടുത്ത്, മണ്ണന്തലയിലെ ഒരു വലിയ വീട്ടിൽ മമ്മൂട്ടിയുടെ സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്ന് എസ് എഫ് ഐ ക്കാരനായ എന്നെയറിയിക്കുന്നത്, കെ എസ് യു ക്കാരനായ കോശിയാണ്. അവനും ഒരു സിനിമാ പ്രാന്തൻ തന്നെ. ഞാനും, കോശിയും, മറ്റൊരു സുഹൃത്ത് പ്രശാന്തും കൂടി, എന്റ്റെ ബൈക്കിൽ, ട്രിപ്പിൾ അടിച്ച്, മണ്ണന്തലയിലെത്തുന്നു. നല്ല ജനക്കൂട്ടം, കാരണം അന്ന് അവിടെ മമ്മൂട്ടി ജോയിൻ ചെയ്യുന്ന ദിവസമാണ്. മണ്ണന്തലയിലെ വീട്ടിന്റ്റെ പരിസരത്ത്, ആൾക്കൂട്ടം കൂടി വരുന്നു. മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ, ആവേശപൂർവ്വം, നിൽക്കുന്ന ജനങ്ങളുടെയിടയിലൂടെ അകത്ത് കടക്കാൻ അത്ര എളുപ്പമല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. പെട്ടെന്ന് ഒരു കാർ വന്നിറങ്ങുന്നു. കാറിനുളളിൽ നിന്നും സോമേട്ടൻ ഇറങ്ങുന്നു ( M G Soman) ആളുകൾക്ക് അദ്ദേഹത്തെ കണ്ട സന്തോഷം, ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആളെ കണ്ട ജനക്കൂട്ടത്തിന്റ്റെ ഹർഷാരവങ്ങളിൽ പെട്ട ഞങ്ങൾ ഒരുപാട് പിറകിലോട്ട് പിന്തളളപ്പെട്ടു. മമ്മൂക്ക എന്നാർപ്പുവിളികൾ,അന്തരീക്ഷം ശബ്ദമുഖരിതമാക്കി. കൂളിംഗ് ഗ്ളാസ്സ് വെച്ച് സുസ്മേരവദനായി, എല്ലാവരേയും,കൈ വീശികാണിച്ച് മമ്മൂട്ടി അകത്തേക്ക് പോയി. വീടിന്റ്റെയുളളിൽ നിന്ന് രണ്ട് പേർ പുറത്തേക്ക് വന്നു. അവർ തമ്മിൽ എന്തൊക്കെയോ കാര്യമായി,സംസാരിക്കുന്നത് കണ്ട്,ആൾക്കൂട്ടത്തിനിടയിൽ നിന്നൊരു ചേട്ടൻ വേറൊരാളോട് തിരുവനന്തപുരം ഭാഷയിൽ ചോദിക്കുന്നു , ആരടേ ഇതിന്റ്റെ സംവിധായകൻ? അത് കേട്ട് മറ്റൊരാൾ, ഏവനോ എന്തോ. ജ്വാഷിയായിരിക്കും. നാനയും,ചലച്ചിത്രവും, ഫിലിംഫെയറും, ചിത്രഭൂമിയുമൊക്കെ അരച്ച് കലക്കി കുടിച്ച എന്നിലെ സിനിമാഭ്രാന്തന് അതത്രക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ പ്രതികരിച്ചു. വീടിന് പുറത്ത് നിന്ന് സംസാരിക്കുന്ന, രണ്ട് പേരെ ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു, ആ പൊക്കമുളളയാളാണ് സംവിധായകൻ പേര് ഡെന്നീസ് ജോസഫ്, ന്യൂഡൽഹിയുടെയും, രാജാവിന്റ്റെ മകന്റ്റെയുമൊക്കെ തിരകഥാകൃത്ത്. പിന്നെ,ആ താടി വെച്ച്, കണ്ണാടിയുളള, കാവിമുണ്ടുടുത്ത്, നിൽക്കുന്നയാളാണ്, ഈ സിനിമയുടെ ക്യാമറാമാൻ, പേര് ജയാനൻ വിൻസെന്റ്റ്. പ്രശസ്ത സംവിധായകൻ എ വിൻസെന്റ്റ് സാറിന്റ്റെ മകൻ. ആൾക്കൂട്ടം എന്നെ അത്ഭുതത്തോടെ നോക്കി, എന്നെ ശ്രദ്ധിക്കാനും എന്റ്റെ സിനിമാ പരിജ്ഞാനം, വിളമ്പാനുളള അവസരമായി, ഞാനതിനെ കണ്ടു. എന്നും സിനിമയും,സിനിമാക്കാരും എല്ലാവർക്കും ഒരു കൗതുകമാണല്ലോ. ( ഇന്നങ്ങനെ അല്ലെങ്കിലും).
അങ്ങനെ ഞാൻ ക്ളാസ്സെടുക്കാൻ തുടങ്ങി,നടന്മാർ മാത്രമല്ല സിനിമാക്കാർ എന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കണമെന്ന, എന്റ്റെ അജണ്ട അന്നാണ് ആദ്യം തുടങ്ങിയത്. (ഇന്നും അത് അഭംഗുരം തുടരുന്നു…) അങ്ങനെ ഞാൻ ജയാനൻ വിൻസെന്റ്റിനെ പറ്റി വാചാലനായി, ന്യൂഡൽഹി, രാജാവിന്റ്റെ മകൻ, ജനുവരി ഒരോർമ്മ. അങ്ങനെ അങ്ങനെ അദ്ദേഹത്തേ കുറിച്ചുളള ഒരുപാട് കാര്യങ്ങൾ. ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടൊരാൾ ആ സെറ്റിലുണ്ടായിരുന്നു, കലാസംവിധായകൻ സാബു പ്രവദ. ഞങ്ങൾ പതുക്കെ സാബുവുമായി ചങ്ങാത്തത്തിലായി, കൂടെ ക്യാഷിയറായിരുന്ന സുബൈറും. ഞാൻ റൂറൽ എസ് പിയുടെ മകനാണെന്നറിഞ്ഞപ്പോൾ സ്വീകാര്യത കൂടി. അങ്ങനെ ഷൂട്ടിംഗിന് വേണ്ടി ഒരു ഫീയറ്റ് കാർ സംഘടിപ്പിച്ച് കൊടൂത്തതോട് കൂടി ഞങ്ങൾ അകത്തെ ആളുകളായി. മമ്മൂട്ടിയെ അടുത്ത് കണ്ടു, സോമേട്ടനെ, ലളിത ചേച്ചിയെ, പ്രതാപചന്ദ്രൻ ചേട്ടനെ, അങ്ങനെ ഒരുപാട് പേരെ. ആസെറ്റിൽ വെച്ച് ഞാൻ മമ്മൂട്ടിയെ ബുദ്ധിപൂർവ്വമായി ഇൻറ്റർവ്യൂ ചെയ്യുകയും ചെയ്തു ”ഒരു സിനിമാ പ്രാന്തന്റ്റെ ചിന്തകൾ” എന്ന പുസ്തകത്തിൽ അതിനെ പറ്റി വിശദമായി എഴുതിയത് കൊണ്ട് ഇവിടെ പ്രതിപാദിക്കുന്നില്ല. ആ ലൊക്കേഷനിൽ എന്നെ ഏറ്റവും ആകർഷിച്ച വ്യക്തി ജയാനൻ വിൻസെന്റ്റായിരുന്നു. ബഹളങ്ങളില്ലാതെ, വളരെ ശാന്തനായി, അദ്ദേഹത്തിന്റ്റെ ക്യാമറയിൽ രംഗങ്ങൾ ഒപ്പിയെടുക്കുന്നതിലെ കല,അത് അന്നും, ഇന്നും മറ്റൊരാളിൽ കണ്ടിട്ടില്ല. A versatile cinematographer ഇങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. എത്രയോ സിനിമകൾ, വിവിധ ഭാഷയിൽ, അദ്ദേഹത്തിന്റ്റെ ഫ്രെയിമുകളിൽ പതിഞ്ഞിരിക്കുന്നു. ഇപ്പോൾ കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജയാനൻ വിൻസെന്റ്റ്, വേറിട്ട വ്യക്തിത്വത്തിന്റ്റെ ഉടമയാണ്. കഴിഞ്ഞ ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ലോക സിനിമയിൽ നടക്കുന്ന വിപ്ളവകരമായ മാറ്റങ്ങൾ, പ്രത്യേകിച്ച് സിനിമാട്ടോഗ്രാഫിയിലെ,നൂതനമായ ആശയങ്ങളൊക്കെ എന്നോട് അദ്ദേഹം പങ്ക് വെച്ചു. മമ്മൂട്ടിയെ നായകനാക്കി ന്യൂഡൽഹിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം എന്നറിഞ്ഞപ്പോൾ, ഒരുപാട് സന്തോഷം തോന്നി. മലയാളിക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നായിരിക്കും അത്. ഒരു സംശയവുമില്ല. കാരണം, ജയാനൻ വിൻസെന്റ്റ് പകരം വെക്കാനില്ലാത്ത പ്രതിഭയാണ്.