
ഇന്നത്തെ തമിഴ് സിനിമയിലെ ജനപ്രിയ നായകന്മാരിൽ ഒരാളാണ് ജയം രവി. കേരളത്തിലും ഇദ്ദേഹത്തിന് ആരാധകരേറെ. വ്യത്യസ്ത പ്രമേയങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ എത്താൻ ശ്രമിക്കാറുള്ള ഈ നടൻ, തന്റെ അഭിനയ മികവ് കൊണ്ടാണ് ശ്രദ്ധ നേടിയത്. മികച്ച നർത്തകനും കൂടിയായ ജയം രവി ആക്ഷൻ രംഗങ്ങളും ഗംഭീരമായി ചെയ്യുന്ന നടനാണ്. ഒട്ടേറെ പ്രോജക്ടുകൾ കയ്യിലുള്ള അദ്ദേഹം ഇപ്പോൾ മണി രത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൽ സെൽവനിൽ ആണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ജയം രവി ട്വിറ്റെർ വഴി ഒരു ആരാധകനു കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
ജയം രവിക്ക് ഇഷ്ട്ടപ്പെട്ട, ലോക സിനിമയിലെ ഏറ്റവും മികച്ച മൂന്നു നടന്മാർ ആരെന്ന ആരാധകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഹോളിവുഡ് താരമായ അൽ പാച്ചിനോ, ഉലക നായകൻ കമൽ ഹാസൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നിവരുടെ പേരാണ്. മലയാളത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്ന് ജയം രവി കുറച്ചു നാൾ മുൻപ് ഒരു റേഡിയോ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് ജയം രവി എന്നു അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഗായകനും നടനുമായ വിജയ് യേശുദാസ് പറഞ്ഞതും കുറച്ചു നാൾ മുമ്പ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യർ ആണ് മലയാളത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട നടിയെന്നും ജയം രവി പറഞ്ഞിട്ടുണ്ട്. പൊന്നിയിൽ സെൽവൻ കൂടാതെ ഭൂമി, ജനഗണമന എന്നിവയാണ് ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ജയം രവി ചിത്രങ്ങൾ.