പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം കഴിഞ്ഞമാസമാണ് റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം 50 കോടി ക്ലബിലും ഇടം പിടിച്ചു. 50 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ദൃശ്യം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം, റ്റു കൺഡ്രീസ്, പുലി മുരുകൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ്, ഹൃദയം, ഭീഷ്മ പർവ്വം എന്നിവക്ക് ശേഷം അമ്പതു കോടി ക്ലബിലെത്തുന്ന മലയാള ചിത്രമാണ് ജനഗണമന. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി കൂടി വന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് ഡേറ്റും അവർ തന്നെയാണ് പുറത്ത് വിട്ടത്.
വരുന്ന ജൂൺ രണ്ടിനാണ് ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴും കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രം എന്ന് നിന്റെ മൊയ്തീന് ശേഷമുള്ള പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും വലിയ വിജയമാണ്. കേരളത്തിൽ നിന്ന് ഇതിനോടകം ഇരുപത്തിയെട്ടു കോടിയോളമാണ് ഈ ചിത്രം നേടിയ കളക്ഷൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്രീജിത്ത് സാരംഗ് ആണ്. മമത മോഹൻദാസ്, സിദ്ദിഖ്, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.