ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ നടൻ പൃഥ്വിരാജ് പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഓൺലൂകേർസ് മീഡിയയുമായി പൃഥ്വിരാജ് സംസാരിച്ചപ്പോൾ ഈ ചിത്രത്തെ കുറിച്ചും ഇതിൽ പറയുന്ന വിഷയങ്ങളെ കുറിച്ചും അദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ പ്രസക്തവുമാണ്. ജനഗണമന ഇന്നത്തെ സമൂഹത്തിന്റെ കഥയാണ് എന്നും, ഇന്നത്തെ സമൂഹ മനസാക്ഷിയുടെ കഥ പറയുന്ന ഈ ചിത്രം അവരുടെ മുന്നിലേക്ക് ചില സത്യങ്ങളും കൊണ്ട് വരാൻ ശ്രമിക്കുന്ന ചിത്രമാണ് എന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ ഇത് പൂർണ്ണമായും ഒരു കൊമേർഷ്യൽ ചട്ടക്കൂടിനുള്ളിൽ നിന്നൊരുക്കിയ ഒരു മാസ്സ് എന്ററൈനെർ കൂടിയാണ് എന്നും അല്ലാതെ എന്തെങ്കിലും ഒരു അജണ്ട നടപ്പിലാക്കാനോ ഒരു സന്ദേശം കൊടുക്കാനോ വേണ്ടി ചെയ്ത സിനിമ അല്ലെന്നും പൃഥ്വിരാജ് പറയുന്നു.
അത് കൊണ്ട് തന്നെ എത്ര വലിയ സന്ദേശം കൊടുക്കുന്ന, എത്ര വലിയ പ്രസക്തമായ സിനിമ ആണെങ്കിലും അത് പ്രേക്ഷകരെ രസിപ്പിക്കുന്നില്ല എങ്കിൽ അത് വിജയിക്കില്ല എന്നും, മഹത്തായ സന്ദേശം കൊടുക്കുന്ന ഒരു ചിത്രം ഒരു ബോറൻ ചിത്രം ആണെങ്കിൽ അതൊരു നല്ല സിനിമയാണെന്ന് താൻ പറയില്ല എന്നാണ് പൃഥ്വിരാജ് വിശദീകരിക്കുന്നത്. എന്നാൽ പ്രത്യേകിച്ച് ഒരു സന്ദേശവും കൊടുക്കാനില്ലാത്ത ഒരു നല്ല സിനിമ, നല്ല സിനിമ തന്നെയാണെന്നും, സന്ദേശം കൊടുക്കുക എന്നതിലുപരി വളരെ പ്രസക്തമായ ചില ചോദ്യങ്ങൾ ചോദിക്കുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ചിത്രമാണ് ജനഗണമന എന്നും പൃഥ്വിരാജ് പറഞ്ഞു. ഈ ചിത്രത്തിന്റെ കഥയും അത് തന്നോട് ഡിജോ പറഞ്ഞ രീതിയും അയാളുടെ വിഷനുമാണ് ഈ ചിത്രം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും പൃഥ്‌വി കൂട്ടിച്ചേർക്കുന്നുണ്ട്.