മലയാളത്തിൽ നിന്നുള്ള മൂന്നാമത്തെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയി ജെല്ലിക്കെട്ട്..!

Advertisement

ഇത്തവണത്തെ ഓസ്കാർ അവാർഡിനായുള്ള ഇന്ത്യൻ സബ്മിഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് മലയാള ചിത്രം ജെല്ലിക്കെട്ടാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തു കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് വലിയ പ്രശംസയും അംഗീകാരങ്ങളും നേടിയെടുത്തിരുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ കലാകാരൻമാർ അഭിനയിച്ച ഈ ചിത്രം ശ്രദ്ധ നേടിയത് അത് കൈകാര്യം ചെയ്ത വിഷയം കൊണ്ടും അതിന്റെ മേക്കിങ് ശൈലി കൊണ്ടുമാണ്. വലിയ രീതിയിലാണ് ഈ ചിത്രം കണ്ട നിരൂപകരും സിനിമാ പ്രവർത്തകരും പ്രേക്ഷകരും ഇതിനെ പ്രശംസിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിൽ, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ സബ്മിഷൻ ലഭിക്കുന്ന മൂന്നാമത്തെ മാത്രം ചിത്രമാണ് ജെല്ലിക്കെട്ട്. 1997 ഇൽ റിലീസ് ചെയ്ത മോഹൻലാൽ – രാജീവ് അഞ്ചൽ ചിത്രം ഗുരു, 2011 ഇൽ സലിം കുമാർ – സലിം അഹമ്മദ് ചിത്രം ആദാമിന്റെ മകൻ അബു എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ. ഇന്ത്യയിൽ നിന്ന് ഒട്ടേറെ ചിത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട് എങ്കിലും മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് കാറ്റഗറിയിലേക്കു നോമിനേഷൻ ലഭിച്ചതും മൂന്നേ മൂന്നു ചിത്രങ്ങൾക്ക് മാത്രമാണ്.

മെഹ്ബൂബ് ഖാൻ ചിത്രം മദർ ഇന്ത്യ (1957), മീര നായർ ചിത്രം സലാം ബോംബെ (1988), അശുതോഷ് ഗൊവാരിക്കർ – അമീർ ഖാൻ ചിത്രം ലഗാൻ (2001) എന്നിവയാണ് ആ മൂന്നു ചിത്രങ്ങൾ. കഴിഞ്ഞ തവണ ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ഗല്ലി ബോയ് എന്ന സോയ അക്തർ – രൺവീർ സിങ് ചിത്രത്തിന് ഫൈനൽ നോമിനേഷൻ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഏതായാലും ജെല്ലിക്കെട്ട് എന്ന ചിത്രം ആ കടമ്പയും കടക്കുമെന്ന് തന്നെയാണ് മലയാള സിനിമാ പ്രേമികളും ലിജോ ജോസ് പെല്ലിശ്ശേരി ആരാധകരും പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close