
വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രങ്ങൾ കൊണ്ട് ഇപ്പോൾ തന്റെ കരിയറിലെ ഒരു ഗംഭീരമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടൻ ജഗദീഷ്. അടുത്തകാലത്തായി കിഷ്കിന്ധാ കാണ്ഡം, അജയന്റെ രണ്ടാം മോഷണം, നേര്, ഫാലിമി, ഗുരുവായൂരമ്പല നടയിൽ, ഗരുഡൻ, എബ്രഹാം ഓസ്‍ലെർ, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജഗദീഷ് വലിയ കയ്യടി നേടിയിരുന്നു.
ഹാസ്യ നടൻ എന്ന ഇമേജിൽ നിന്ന് മാറി സ്വഭാവ നടനെന്ന ഇമേജിലേക്കാണ് ജഗദീഷ് മാറിയത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും മേലെ, അപ്രതീക്ഷിതമായ കഥാപാത്രങ്ങളുമായെത്തുന്ന ജഗദീഷ് ഈ വർഷം മലയാള സിനിമയെ ഒരിക്കൽ കൂടി ഞെട്ടിക്കുമെന്ന വാർത്തകളാണ് വരുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിലാണ് ഏവരെയും അമ്പരപ്പിക്കുന്ന ഒരു കഥാപാത്രമായി ജഗദീഷ് എത്തുന്നതെന്നാണ് സൂചന.
ഡിസംബർ പന്ത്രണ്ടിന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലയൻസ് ഉള്ള ചിത്രമെന്ന അവകാശ വാദവുമായി എത്തുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ് തന്നെക്കൊണ്ട് ചെയ്യിച്ചിരിക്കുന്നതെന്ന സൂചനയാണ് ജഗദീഷും തരുന്നത്. ഈ ചിത്രത്തിന്റെ പേര് അദ്ദേഹം എടുത്തു പറയുന്നില്ലെങ്കിലും , അദ്ദേഹം സൂചിപ്പിക്കുന്നത് മാർക്കോ ആണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തരത്തിലുള്ള ക്രൂരതയാണ് തന്റെ കഥാപാത്രത്തെ കൊണ്ട് ഇനി വരാനിരിക്കുന്ന ഒരു ചിത്രത്തിൽ ചെയ്യിച്ചിരിക്കുന്നതെന്നാണ് ജഗദീഷ് വെളിപ്പെടുത്തുന്നത്. ചിത്രം കാണുന്നവർക്ക് തന്നെ കൊല്ലാൻ തോന്നുന്ന ദേഷ്യം ഉണ്ടാവാൻ സാധ്യതയുള്ള തരത്തിലുള്ള കാര്യങ്ങളാണ് അതിൽ ചെയ്തു വെച്ചിരിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.