മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രത്തിനുള്ള റെക്കോർഡ് ഉള്ള സിനിമയാണ് സിദ്ദിഖ്- ലാൽ ടീം സംവിധാനം ചെയ്തു 1991 ഇൽ റിലീസ് ചെയ്ത ഗോഡ് ഫാദർ എന്ന ഫാമിലി കോമഡി ചിത്രം. മുകേഷ്, ജഗദീഷ്, കനക, എൻ എൻ പിള്ള, തിലകൻ, ഫിലോമിന, സിദ്ദിഖ്, ഇന്നസെന്റ്, കെ പി എ സി ലളിത, ജനാർദ്ദനൻ, ശങ്കരാടി, ഭീമൻ രഘു, പറവൂർ ഭരതൻ, കുണ്ടറ ജോണി എന്നിങ്ങനെ ഒരു വലിയ താരനിര അണിനിരന്ന ഈ ചിത്രം നാനൂറു ദിവസത്തിന് മുകളിലാണ് പ്രദർശിപ്പിച്ചതു. ഈ ചിത്രത്തിലൂടെ ക്ലാസിക് ആയി മാറിയ കഥാപാത്രങ്ങളായിരുന്നു എൻ എൻ പിള്ള അവതരിപ്പിച്ച അഞ്ഞൂറാനും ഫിലോമിന അവതരിപ്പിച്ച ആനപ്പാറ അച്ചാമ്മയും. അതോടൊപ്പം തന്നെ വലിയ രീതിയിൽ പ്രേക്ഷകരുടെ കയ്യടി കിട്ടിയ ഒരു കഥാപാത്രമാണ് ജഗദീഷ് ഈ ചിത്രത്തിൽ അഭിനയിച്ച മായിൻ കുട്ടി എന്ന കഥാപാത്രം. നായക വേഷം ചെയ്ത മുകേഷിന്റെ രാമഭദ്രൻ എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയായ മായിൻകുട്ടി ഒപ്പിക്കുന്ന ഓരോ അബദ്ധവും മായിൻ കുട്ടി പറയുന്ന ഓരോ തമാശയും വളരെ വലിയ രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്.
https://www.instagram.com/p/B9f5AoXHhkn/
പുതിയ കാലത്തു ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങളിൽ ഒന്നായി കൂടി മായിൻകുട്ടി മാറിയതോടെ ഈ കഥാപാത്രം കൂടുതൽ പോപ്പുലറായി. ഇതിലെ മായിൻ കുട്ടി ആയുള്ള ജഗദീഷിന്റെ പല ഭാവ പ്രകടനങ്ങളും വളരെ പോപ്പുലറാണ്. അത്തരം ഒട്ടേറെ ഭാവ പ്രകടനങ്ങൾ ട്രോൾ മീമുകൾ ആയി സൂപ്പർ ഹിറ്റുമാണ്. ഇപ്പോഴിതാ പഴയ മായിന്കുട്ടിയുടെ ഭാവത്തിൽ ഇപ്പോൾ ജഗദീഷ് നിൽക്കുന്ന ഒരു ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനും മിമിക്രി താരവുമായ രമേശ് പിഷാരടി. അദ്ദേഹം പങ്കു വെച്ച ജഗദീഷിന്റെ ആ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മായിൻ കുട്ടി ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോൾ.