ഹാട്രിക്ക് വിജയവുമായി ആറ്റ്ലീ; മെർസൽ ഗംഭീര കളക്ഷൻ നേടി മുന്നോട്ടു.

Advertisement

തമിഴകത്തിന്റെ സൂപ്പർ സംവിധായകനായി മാറിയിരിക്കുകയാണ് ആറ്റ്ലീ. മൂന്നു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത ആറ്റ്ലീ ആ മൂന്നു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ ആക്കിയാണ് തമിഴകം കീഴടക്കിയത്.2013 ഇൽ റിലീസ് ചെയ്ത രാജ റാണി എന്ന ചിത്രത്തിലൂടെയാണ് ആറ്റ്ലീ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആര്യ, നയൻ താര, ജയ്, നസ്രിയ നസിം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ വിജയം നേടിയ ഒന്നായിരുന്നു.

പിന്നീട് മൂന്ന് വർഷത്തിന് ശേഷം 2016 ഇൽ ആണ് ആറ്റ്ലീ തന്റെ അടുത്ത റിലീസുമായി എത്തിയത്. ഇളയ ദളപതി വിജയ് നായകനായ തെരി എന്ന ചിത്രമായിരുന്നു അത്. വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി ആ ചിത്രം.

Advertisement

ഇപ്പോഴിതാ തന്റെ മൂന്നാമത്തെ ചിത്രം മെർസലും വമ്പൻ ബോക്സ് ഓഫീസ് വിജയം നേടുന്നതിന്റെ ആവേശത്തിലാണ് ആറ്റ്ലീ.

ദളപതി വിജയ് നായകനായി എത്തിയ ഈ ചിത്രം റിലീസ് ചെയ്‌തത്‌ രണ്ടു ദിവസം മുൻപാണ്. ആദ്യ ഷോ മുതൽ തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത ഈ മാസ്സ് ചിത്രം ഒറ്റ ദിവസം കൊണ്ട് തന്നെ ലോകമെമ്പാടുനിന്നും നേടിയ കളക്ഷൻ 48 കോടി രൂപയ്ക്കു അടുത്താണ്.

ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 32 കോടിയോളം നേടിയ ഈ ചിത്രം ഒരു തമിഴ് സിനിമ ആദ്യ ദിനം നേടിയ ഏറ്റവും വലിയ കളക്ഷൻ ആണ് നേടിയത്.

തമിഴ് നാട്ടിൽ നിന്ന് 22 കോടി ആദ്യ ദിനം നേടി ചരിത്രം കുറിച്ച മെർസൽ കേരളത്തിൽ ആറു കോടിക്ക് മുകളിൽ നേടി ബാഹുബലിക്ക് തൊട്ടു പിന്നിൽ എത്തുകയും ചെയ്തു. രണ്ടാം ദിനവും മികച്ച കളക്ഷൻ നിലനിർത്താൻ ആയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും ഈ ചിത്രം എന്നുറപ്പാണ്. അതോടു കൂടി തുടർച്ചയായി രണ്ടു 100 കോടി കളക്ഷൻ നേടിയ ചിത്രങ്ങൾ ചെയ്ത സംവിധായകരുടെ ലിസ്റ്റിൽ എത്തും ആറ്റ്ലീയുടെ പേരും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close