![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/04/it-surprised-me-when-heard-amal-neerad-became-a-director-says-ram-gopal-varma.jpg?fit=1024%2C592&ssl=1)
പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം ഗോപാൽ വർമ്മ തുടർച്ചയായി ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നയാളാണ്. ഹിന്ദിയിലും തെലുങ്കിലുമൊക്കെ ചിത്രങ്ങൾ ഒരുക്കുന്ന അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത് കുറെയേറെ ക്ലാസിക് ചിത്രങ്ങളാണ്. സത്യ, രംഗീല, കമ്പനി, സർക്കാർ, തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ, ലോക്ഡൗണിനിടെ പത്തോളം ചിത്രങ്ങൾ ആണ് ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്തത്. ഇപ്പോൾ അദ്ദേഹം ഒരുക്കിയ ഡെയ്ഞ്ചറസ് എന്ന ചിത്രവും പ്രദർശത്തിനു എത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ അദ്ദേഹം നിർമ്മാണം നിർവഹിച്ച ദഹനം എന്ന വെബ് സീരിസ് എം എക്സ് പ്ലെയറിൽ പ്രദർശിപ്പിക്കുന്നുണ്ട്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി ദി ക്യൂ ചാനലിനോട് സംസാരിക്കവെ, തന്റെ ശിഷ്യൻ കൂടിയായ മലയാളം സംവിധായകൻ അമൽ നീരദിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
അമൽ നീരദ് ഛായാഗ്രാഹകൻ ആയി റാം ഗോപാൽ വർമ്മക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും അമൽ ഒരു സംവിധായകൻ ആവുമെന്ന് താൻ കരുതിയില്ല എന്നും, അങ്ങനെ ഒരു താല്പര്യം അമൽ ഒരിക്കലും പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല എന്നും റാം ഗോപാൽ വർമ്മ പറയുന്നു. വളരെ സൈലന്റ് ആയി ജോലി ചെയ്യുന്ന പ്രകൃതം ആയിരുന്നു അമലിന്റേതു എന്നും റാം ഗോപാൽ വർമ്മ പറയുന്നു. അങ്ങനെ അമൽ നീരദ് സംവിധായകൻ ആയി എന്ന് കേട്ടപ്പോൾ ആദ്യം താൻ ഏറെ സർപ്രൈസ്ഡ് ആവുകയാണ് ചെയ്തത് എന്നും, പക്ഷെ അദ്ദേഹം വളരെയധികം കഴിവുള്ള, അധ്വാനിക്കുന്ന ഒരു പ്രതിഭ ആണെന്നും റാം ഗോപാൽ വർമ്മ കൂട്ടിച്ചേർത്തു. മമ്മൂട്ടി നായകനായ ബിഗ് ബി ഒരുക്കി 2007 ലാണ് അമൽ നീരദ് സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചത്.