മലയാളത്തിലെ പ്രശസ്ത നടനായ ഇന്ദ്രൻസ് ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി ഇന്ദ്രൻസിനു ലഭിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം വരെ ഇന്ദ്രൻസ് ഈ കാലയളവിൽ സ്വന്തമാക്കി. ഇപ്പോഴിതാ അടുത്തിടെ റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തിലെ നായക വേഷത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിന് ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേമികളുടെ അഭിനന്ദനം ഏറ്റു വാങ്ങുകയാണ് ഇന്ദ്രൻസ്. റോജിൻ തോമസ് ഒരുക്കിയ ഈ ചിത്രത്തിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം ഈ നടന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഇന്ദ്രൻസ് കുറച്ചു വർഷം മുൻപ് വരെ ഹാസ്യ നടൻ മാത്രമായി തളച്ചിടപ്പെടുകയായിരുന്നു. ഹാസ്യ നടനായി ജോലി ചെയ്തിരുന്ന സമയത്തും സിനിമയിലെ തന്റെ ആദ്യത്തെ ജോലിയായിരുന്ന വസ്ത്രാലങ്കാരം തുടരുന്നുണ്ടായിരുന്നു ഇന്ദ്രൻസ്. ഇപ്പോഴിതാ തനിക്കു പണ്ട് മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിൽ വസ്ത്രാലങ്കാരം ചെയ്യാൻ പേടി ആയിരുന്നു എന്ന് പറയുകയാണ് ഇന്ദ്രൻസ്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഈ കാര്യം തുറന്നു പറയുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളിൽ ചെറിയ ചെറിയ ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇന്ദ്രൻസ്. ഇരുപതിലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസനൈറായി പ്രവര്‍ത്തിച്ച ഇന്ദ്രൻസ് പിന്നീട് ഹാസ്യ താരമായി തിരക്കേറിയതോടെ വസ്ത്രാലങ്കാരം ജോലി കുറച്ചു. സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളാണ് ചെയ്തത് എന്നും മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ വമ്പൻ പ്രൊഡക്ഷൻ ആയതു കൊണ്ട് തന്നെ അവരുടെ ചിത്രങ്ങൾ ചെയ്യാൻ ഉള്ള ക്ഷണം വരുമ്പോൾ താൻ ആ അവസരങ്ങൾ ഒഴിവാക്കുകയാണ് ഉണ്ടായതു എന്ന് ഇന്ദ്രൻസ് പറയുന്നു. തനിക്കു അറിവും കുറവായിരുന്നു ഒപ്പം താൻ തിരുവനന്തപുരം വിട്ടു പുറത്തു പോയി ജോലി ചെയ്തതുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.