കഴിഞ്ഞ വർഷമാണ് കൂടത്തായി കൊലപാതക പരമ്പരയുടെ കഥ പറഞ്ഞ കറി ആൻഡ് സയനൈഡ് എന്ന ഒടിടി ചിത്രം പുറത്ത് വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തത്. ഈ ചിത്രം സംവിധാനം ചെയ്ത് കയ്യടി നേടിയ ക്രിസ്റ്റോ ടോമി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്ക് ജൂൺ 21 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. പ്രശസ്ത നടിമാരായ ഉർവശിയും പാർവതിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ബോളിവുഡിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ആർ എസ് വി പി, മാക്ഗഫിൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോണി സ്ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബേ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ എന്ന പുരസ്‍കാരം നേടിയ ഒന്നാണ് ക്രിസ്റ്റോ ടോമി രചിച്ച ഉള്ളൊഴുക്ക് എന്നതാണ് ഏറ്റവും കൗതുകരമായ വസ്തുത. 2018 ഇൽ നടന്ന സിനിസ്ഥാൻ ഇന്ത്യ സ്റ്റോറി ടെല്ലർ കോണ്ടെസ്റ്റിലാണ് ക്രിസ്റ്റോ ടോമി രചിച്ച ഈ തിരക്കഥക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ ജൂറി അംഗങ്ങളായി ഉണ്ടായിരുന്ന കമ്മിറ്റിയാണ് ഈ തിരക്കഥക്ക് ഒന്നാം സ്ഥാനം നൽകിയത്. അന്ന് അവിടെ രണ്ടാം സ്ഥാനം നേടിയ തിരക്കഥയാണ് ഈ അടുത്തിടെ ആമിർ ഖാൻ തന്നെ നിർമ്മിച്ച ലാപതാ ലേഡീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം. ഏതായാലും അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച തിരക്കഥക്കുള്ള അവാർഡ് നേടിയ ഉള്ളൊഴുക്കാണ് ആറ് വർഷം കഴിഞ്ഞു സിനിമയായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഉള്ളൊഴുക്കിന് കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തത് കിരൺ ദാസ് എന്നിവരാണ്. റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ സഹനിർമ്മാതാവായി എത്തിയ ഈ ചിത്രത്തിന്റെ ടാഗ് ലൈൻ “രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും” എന്നാണ്.