
പ്രശസ്ത മലയാള നടൻ റിസബാവ ഏതാനും ദിവസങ്ങൾക്കു മുൻപാണ് അന്തരിച്ചത്. നായകനായും സഹനടനായും അഭിനയിച്ചിട്ടുള്ള റിസബാവയെ മലയാളികൾ കൂടുതലും ഓർക്കുന്നത് വില്ലൻ വേഷങ്ങളിലൂടെയാണ്. അതിൽ തന്നെ സിദ്ദിഖ്- ലാൽ ടീം ഒരുക്കിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ വില്ലൻ വേഷമായ ജോൺ ഹോനായി ആണ് റിസബാവയെ താരമാക്കി മാറ്റിയത്. ഇപ്പോഴിതാ റിസബാവ എന്ന നടനെ കുറിച്ചുള്ള തങ്ങളുടെ ഓർമ്മകൾ പങ്കു വെക്കുകയാണ് ഇൻ ഹരിഹർ നഗറിലെ നായകന്മാരായ മുകേഷ്, അശോകൻ, സിദ്ദിഖ്, എന്നിവർ. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന സുന്ദരനായ വില്ലനെ അതിമനോഹരമായാണ് റിസബാവ അവതരിപ്പിച്ചത് എന്ന് പറയുകയാണ് അശോകൻ. റിസ എന്ന വില്ലന്റെ ക്ലാസിക് പ്രകടനം ആയിരുന്നു, അതിലെ തന്റെ കഥാപാത്രമായ തോമസുക്കുട്ടിയെ ടാങ്കിലെ വെള്ളത്തിൽ മുക്കുന്ന സീനിലെന്നും അശോകൻ വെളിപ്പെടുത്തി. തമിഴ് നടൻ രഘുവരൻ ചെയ്യാനിരുന്ന വേഷമായിരുന്നു ജോൺ ഹോനായി എന്നും അവസാനം കൊച്ചിയിൽ നിന്ന് റിസബാവയെ കണ്ടെടുക്കുകയായിരുന്നു എന്നും മുകേഷ് ഓർക്കുന്നു.
സുന്ദരനും ശാന്തനുമായ വില്ലനായിരുന്ന ജോൺ ഹോനായി റിസബാവയുടെ കയ്യിൽ ഭദ്രമായിരുന്നു എന്നാണ് മുകേഷ് പറയുന്നത്. റിസബാവയാണ് ഹോനായി ആയി അഭിനയിക്കുന്നത് എന്ന് കേട്ടപ്പോൾ താൻ അത്ഭുതപെട്ടിരുന്നു എന്നും ഇത്ര സുന്ദരനായ ഒരു മനുഷ്യനെ വില്ലനാക്കിയാൽ ശരിയാകുമോയെന്നു മനസ്സിൽ ചിന്തിച്ചെങ്കിലും അതാരോടും പറഞ്ഞില്ല എന്നും നടൻ സിദ്ദിഖ് ഓർത്തെടുക്കുന്നു. പക്ഷെ ആദ്യമായി റിസബാവയുടെ പ്രകടനം നേരിൽ കണ്ടതോടെ റിസയല്ലാതെ മറ്റാരു ചെയ്താലും ഹോനായി ശരിയാകുമായിരുന്നില്ലെന്ന് മനസ്സിലായെന്നും സിദ്ദിഖ് വെളിപ്പെടുത്തി. ആ സിനിമയിൽ നായകന്മാരെക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്ന രൂപവും ശബ്ദവും ഹോനായിയുടെതു തന്നെയാണ് എന്ന സിദ്ദിഖിന്റെ വാക്കുകൾ ആണ് റിസബാവ എന്ന നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.