
2014 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ തിരഞ്ഞ 100 ഇന്ത്യൻ സിനിമാ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട്, ലോക പ്രശസ്ത സിനിമ ഡാറ്റാ ബേസ് പ്ലാറ്റ്‌ഫോമായ ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസ്. ഐഎംഡിബിയിൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് ആണ് അവർ റിലീസ് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, ആലിയ ഭട്ട്, ഇർഫാൻ ഖാൻ, ആമിർ ഖാൻ, സുശാന്ത് സിങ് രാജ്പുത്, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, അക്ഷയ് കുമാർ എന്നിവരാണ് ഈ ലിസ്റ്റിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളത്. ഈ ലിസ്റ്റിലെ ആദ്യ 50 സ്ഥാനങ്ങളിൽ ഇടം പിടിച്ച ഒരേയൊരു മലയാള താരം മോഹൻലാൽ ആണ്. 48 ആം സ്ഥാനത്താണ് ഈ ലിസ്റ്റിൽ മോഹൻലാൽ ഇടം നേടിയത്. മോഹൻലാൽ കൂടാതെ മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
ദുൽഖർ സൽമാൻ 59 ആം സ്ഥാനത്ത് ഇടം നേടിയപ്പോൾ മമ്മൂട്ടി ഇടം നേടിയത് 63 ആം സ്ഥാനത്താണ്. ഫഹദ് ഫാസിൽ 81 ആം സ്ഥാനത്ത് എത്തിയപ്പോൾ പൃഥ്വിരാജ് സുകുമാരൻ ഈ ലിസ്റ്റിൽ നൂറാമത് ആണ് ഇടം നേടിയിരിക്കുന്നത്. താരങ്ങളുടെ ജനപ്രിയതയും താരമൂല്യവും വരെ കൃത്യമായി അടയാളപ്പെടുത്തുന്ന ലിസ്റ്റ് കൂടിയാണിത്. എത്രത്തോളം ജനപ്രിയരാണ് ഇന്ത്യയിലെ വിവിധ താരങ്ങൾ എന്നും എത്രത്തോളം ജനപിന്തുണ അവർക്ക് ഉണ്ടെന്നും ഈ ലിസ്റ്റിലൂടെ ഐഎംഡിബി പുറത്തെത്തിക്കുന്നു. അമിതാബ് ബച്ചൻ, നയൻതാര, രൺവീർ സിങ്, കത്രീന കൈഫ്, വിജയ്, അജിത്, സാമന്ത, തമന്ന, പ്രഭാസ്, ധനുഷ്, രൺബീർ കപൂർ, റാം ചരൺ, അല്ലു അർജുൻ, രജനികാന്ത്, കമൽ ഹാസൻ, യാഷ്, ജൂനിയർ എൻ ടി ആർ തുടങ്ങിയവരും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.









