മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറ്റവുമധികം കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് ഒടിയനും ലൂസിഫറും. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലർ ആയ ഒടിയൻ ഈ വർഷം ഡിസംബറിൽ എത്തുമ്പോൾ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എത്തുക അടുത്ത വർഷം മാർച്ച് മാസത്തിൽ ആണ്. രണ്ടും ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ആണ്. ഇരുട്ടിന്റെ രാജാവാണ് ഒടിയൻ എന്നാണ് ആ കഥാപാത്രത്തെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും പറയുന്നത് എങ്കിൽ ലൂസിഫറിനെ കുറിച്ച് രചയിതാവായ മുരളി ഗോപി പറയുന്നത് ലൂസിഫർ ഇരുട്ടിന്റെ രാജകുമാരൻ ആണെന്നാണ്. മോഹൻലാൽ ആരാധകർ ഒരുപാട് ഇഷ്ട്ടപെടുന്ന ചിത്രമായിരിക്കും ലൂസിഫർ എന്നാണ് മുരളി ഗോപി പറയുന്നത്.
ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആയ മുരളി ഗോപി പറയുന്നത് താൻ ഇഷ്ട്ടപെടുന്ന പല സവിശേഷതകളും മോഹൻലാലിൽ ഉണ്ട്, അതെല്ലാം ലുസിഫെറിലും കാണാൻ കഴിയും എന്നാണ്. ഈ ചിത്രത്തിൽ രാഷ്ട്രീയം ഉണ്ട് എന്നും അതിലുപരി ആയി മറ്റു ചില കാര്യങ്ങൾ കൂടി പറയുന്നുണ്ട് എന്നും മുരളി ഗോപി വെളിപ്പെടുത്തുന്നു. പക്ഷെ അത് സിനിമ കാണുമ്പോൾ മാത്രമേ മനസ്സിലാക്കാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ മുഴുവൻ മനഃപാഠമാക്കി സിനിമയെടുക്കുന്ന പൃഥ്വിരാജ് എന്ന സംവിധായകൻ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മുരളി ഗോപി പറഞ്ഞു. സംവിധാനത്തിന്റെ മർമ്മമറിയാവുന്ന ഒരാളെ പോലെ ഓരോ ഷോട്ടും ഗംഭീരമായാണ് പൃഥ്വിരാജ് ചിത്രീകരിക്കുന്നത് എന്നും മുരളി ഗോപി പറയുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആണ്.