ബ്രോ ഡാഡി തമിഴ് റീമേക്കിൽ രജനികാന്ത്?; പൃഥ്വിരാജ് പറയുന്നു

Advertisement

മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ തന്നെ നായകനായി എത്തിയ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫർ ആയിരുന്നു പൃഥ്വിരാജ് എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രം. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലെത്തിയ ബ്രോ ഡാഡി വമ്പൻ വിജയമാണ് നേടിയത്. ഡിസ്‌നി ഹോട്ട് സ്റ്റാറിൽ ചിത്രം സൃഷ്‌ടിച്ച രണ്ട് റെക്കോർഡുകൾ അവർ തന്നെ ഒഫീഷ്യലായി പുറത്തു വിട്ടിരുന്നു. ഈ ചിത്രം വന്നപ്പോൾ മുതൽ, തമിഴ്- തെലുങ്ക് പ്രേക്ഷകർ ഈ ചിത്രം അവരുടെ ഭാഷയിൽ റീമേക് ചെയ്താൽ അതിൽ ആരൊക്കെ അഭിനയിച്ചാൽ നന്നായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ തമിഴ് പ്രേക്ഷകർ ഏറ്റവും കൂടുതൽ പറഞ്ഞ ഒന്ന്, ബ്രോ ഡാഡി തമിഴിൽ എടുത്താൽ മോഹൻലാൽ- പൃഥ്വിരാജ് ടീമിന് പകരം അച്ഛനും മകനുമായി രജനികാന്ത്- ശിവകാർത്തികേയൻ ടീം വന്നാൽ നന്നായിരിക്കുമെന്നതായിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെ മറുപടി പറയുകയാണ്. സിനിമ വികടൻ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ്സ് തുറന്നത്. ബ്രോ ഡാഡി തമിഴിൽ വന്നാൽ മോഹൻലാൽ ചെയ്ത നായക വേഷം രജനി സർ ചെയ്യുന്നത് കാണാൻ തനിക്കും ആഗ്രഹമുണ്ടെന്നും, കാരണം അദ്ദേഹത്തിന്റെ കോമഡി ടൈമിംഗ് അധികമാരും ഉപയോഗിച്ച് കണ്ടിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കമൽ ഹാസൻ സാറിന്റെ കോമഡി ടൈമിംഗ് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടെന്നും, അത്പോലെ രജനികാന്ത് സാറിന്റെ കോമഡി ടൈമിംഗ് ആരെങ്കിലും ഉപയോഗിച്ചാൽ അത് ഗംഭീരമാകുമെന്നും, പുതിയൊരു രജനികാന്തിനെ തന്നെ കാണാൻ സാധിക്കുമെന്നും പൃഥ്വിരാജ് വിശദീകരിച്ചു. ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ റിലീസിന്റെ ആദ്യ ദിനം തന്നെ ഹോട്ട് സ്റ്റാറിന് നേടിക്കൊടുത്ത ചിത്രമെന്ന റെക്കോർഡും, ഏറ്റവും കൂടുതൽ ആളുകൾ ആദ്യ ദിനം ഹോട്ട് സ്റ്റാറിൽ കണ്ട രണ്ടാമത്തെ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയുമാണ് ബ്രോ ഡാഡി നേടിയെടുത്തത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close