മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മധുര രാജ. തന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ ഉപയോഗിച്ച് ഒരുക്കിയ ഒരു കഥയാണ് മധുര രാജയിലൂടെ വൈശാഖ് പറയുന്നത്. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം തിരക്കഥ രചിച്ചു ടോമിച്ചൻ മുളകുപാടം നിർമ്മിച്ച പോക്കിരി രാജയിൽ അന്ന് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ മധുര രാജയിൽ പൃഥ്‌വി അഭിനയിക്കുന്നില്ല. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
പോക്കിരി രാജ താൻ വളരെ എന്ജോയ് ചെയ്തു അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു എന്നും മധുര രാജയിലും അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ തന്നെ ആരും ക്ഷണിച്ചില്ല എന്നും അതുകൊണ്ടാണ് ഈ രണ്ടാം ഭാഗത്തിൽ താൻ ഇല്ലാത്തതു എന്നും പൃഥ്‌വി പറയുന്നു. നെൽസൺ ഐപ്പ് എന്ന പുതിയ ഒരു നിർമ്മാതാവ് ആണ് മധുര രാജ നിർമ്മിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച മധുര രാജയിൽ തമിഴ് യുവ താരം ജയ് , തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ വരുന്ന ഏപ്രിൽ മാസത്തിൽ വിഷു ചിത്രം ആയാണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്. ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണി ഈ ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്യുന്നുണ്ട്.