കടുവ എന്നൊരു സിനിമ എന്തായാലും ഞാന്‍ ചെയ്യും; വിവാദങ്ങളെക്കുറിച്ചു മനസ്സ് തുറന്നു സംവിധായകൻ ഷാജി കൈലാസ്..!

Advertisement

വർഷങ്ങൾക്കു ശേഷം സംവിധായകൻ ഷാജി കൈലാസ് തിരിച്ചു വരുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രം. ജിനു എബ്രഹാം തിരക്കഥ രചിച്ച ഈ ചിത്രം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നപ്പോഴാണ് ചില വിവാദങ്ങൾ ഈ ചിത്രത്തെ ബാധിച്ചത്. അതിലൊന്ന്, ഈ ചിത്രത്തിലെ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ തന്നെ അടിസ്ഥാനപ്പെടുത്തി സുരേഷ് ഗോപി നായകനാകുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചതാണ്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനവും ഷിബിൻ ഫ്രാൻസിസ് രചനയും നിർവഹിക്കുന്ന ആ ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. സുരേഷ് ഗോപി ചിത്രത്തിനെതിരെ പകർപ്പവകാശ ലംഘനമാരോപിച്ചു ജിനു എബ്രഹാം കോടതിയെ സമീപിക്കുകയും കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെപ്പിക്കുകയും ചെയ്തു. അപ്പോഴാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാൾ ആണെന്നും അയാളുടെ കഥയെ അടിസ്ഥാനപ്പെടുത്തി താനും ഷാജിയും കൂടി ഒരു മോഹൻലാൽ ചിത്രം വർഷങ്ങൾക്കു മുൻപേ പ്ലാൻ ചെയ്തതെന്നു ആണെന്നും വെളിപ്പെടുത്തി രഞ്ജി പണിക്കർ എത്തിയത്. തുടർന്ന് തന്റെ ജീവിത കഥ സിനിമയാക്കാൻ രഞ്ജി പണിക്കാരെ മാത്രമേ അനുവദിക്കൂ എന്നും അതിൽ നായകനായി മോഹൻലാൽ അല്ലെങ്കിൽ സുരേഷ് ഗോപി വേണമെന്നും പറഞ്ഞു യഥാർത്ഥ കുറുവച്ചനും എത്തി.

ഇപ്പോഴിതാ ഈ വിവാദങ്ങൾക്കു മറുപടി പറയുകയാണ് ഷാജി കൈലാസ്. ദി ക്യൂവിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കടുവ എന്നൊരു സിനിമ എന്തായാലും താൻ ചെയ്യുമെന്നും, ആ സിനിമയുടെ കഥ നേരത്തെ തനിക്കു ആളുകളെ കാണിക്കാനാകില്ലല്ലോ എന്നും ഷാജി ചോദിക്കുന്നു. റിലീസ് ചെയ്യുമ്പോള്‍ ആളുകള്‍ക്ക് മനസിലാക്കാം എന്നും, ആ കടുവയ്ക്ക് ഇപ്പോഴത്തെ വിവാദങ്ങളുമായും ഈ മനുഷ്യനുമായും ഒരു ബന്ധവുമില്ലെന്ന് ഇപ്പോള്‍ പറയാമെന്നും ഷാജി കൈലാസ് പറഞ്ഞു. പണ്ട് താനും രഞ്ജിയും ചേർന്ന് ആലോചിച്ച വ്യാഘ്രം എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയുമായോ കഥയുമായോ ജിനു എബ്രഹാം രചിച്ച ഈ പുതിയ തിരക്കഥക്കു ബന്ധമൊന്നുമില്ല എന്നും കേന്ദ്ര കഥാപാത്രത്തിന്റെ പേരിൽ മാത്രമേ സാമ്യമുള്ളൂ എന്നും ഷാജി കൈലാസ് പറഞ്ഞു. രഞ്ജിയുമായി താൻ ആലോചിച്ച വ്യാഘ്രം തന്നെയാണ് കടുവ എങ്കില്‍ രഞ്ജി പണിക്കര്‍ അല്ലേ തിരക്കഥാകൃത്തായി വരിക എന്നും, ജിനു എബ്രഹാമിന്റെ സ്‌ക്രിപ്റ്റില്‍ ചെയ്യേണ്ടല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കടുവയിലെ നായകന്‍ പൂര്‍ണമായും സാങ്കല്‍പ്പിക കഥാപാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close