ഷാരൂഖിനും രജനികാന്തിനും മുൻപേ അദ്ദേഹത്തെ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഞാൻ; ആന്റണി പെരുമ്പാവൂർ

Advertisement

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ- ഡിസ്ട്രിബൂഷൻ ബാനറാണ് ആന്റണി പെരുമ്പാവൂർ നേതൃത്വം നൽകുന്ന ആശീർവാദ് സിനിമാസ്. മോഹൻലാലിനെ വെച്ച് മാത്രം ചിത്രങ്ങൾ നിർമ്മിക്കുന്ന ഈ ബാനറിൽ ആണ് ഇപ്പോൾ ആന്റണി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രവുമായി എത്തുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ എന്ന ഈ ചിത്രം ഈ മാസം ഇരുപത്തിയാറിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. മരക്കാരിനു ശേഷം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫർ രണ്ടാം ഭാഗം എന്നിവയാണ് ആശീർവാദ് സിനിമാസിന്റെ പ്രൊജെക്ടുകൾ. ഇപ്പോഴിതാ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ, പൃഥ്വിരാജ് സുകുമാരനെ പോലെ ഇത്ര ആത്മാർത്ഥമായി ജോലി ചെയ്യുന്ന മറ്റൊരു സംവിധായകനെ കണ്ടിട്ടില്ല എന്നാണ് ആന്റണി പറയുന്നത്. ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന് സിനിമ മാത്രമാണെന്നും ആന്റണി പറയുന്നു.

മോഹൻലാൽ സാറിനെ പ്രേക്ഷകർ കാണാൻ ഇഷ്ട്ടപെടുന്ന രീതിയിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കറിയാമെന്നും അതാണ് ലൂസിഫറിന്റെ വിജയ രഹസ്യമെന്നും ആന്റണി പറയുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കഥ പൂർത്തിയായി എന്നും അടുത്ത വർഷം ആദ്യം ചിത്രീകരണമാരംഭിക്കാനാണ് പ്ലാനെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അസാധാരണമായ ഒരു സിനിമയാക്കി അതിനെ മാറ്റാനാണ് ശ്രമമെന്നും രാവും പകലും മനസ്സിൽ ആ കഥയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ പറയുന്നതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കർമാരുടെ ആദ്യ നിരയിൽ പൃഥ്വിരാജ് അറിയപ്പെടുമെന്നും ലൂസിഫർ കണ്ടു അദ്ദേഹത്തെ വിളിച്ചത് ഷാരൂഖ് ഖാനും രജനീകാന്തുമൊക്കെയാണ് എന്നും ആന്റണി വെളിപ്പെടുത്തുന്നു. അവർ പൃഥ്വിരാജ് എന്ന സംവിധായകനെ കൊണ്ട് പോകുന്നതിനു മുൻപ് ഇവിടെ മലയാളത്തിൽ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close