മലയാളത്തിലെ പ്രശസ്ത നടിമരിലൊരാളായ രമ്യ നമ്പീശൻ ഇനി സംവിധാന രംഗത്തേക്കും ചുവടു വെക്കുകയാണ്. ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തയായ ഈ നടി സംവിധാനം ചെയ്ത ഒരു ഹൃസ്വ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യ നമ്പീശൻ സംവിധാനം ചെയ്ത അണ്‍ഹൈഡ് എന്ന ഹൃസ്വ ചിത്രം റിലീസ് ചെയ്തത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍, തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, പ്രശസ്ത തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് എന്നിവർ ചേർന്നാണ്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിലൂടെ സ്ത്രീ പുരുഷ സമത്വം എന്ന ആശയമാണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. രമ്യയും ശ്രിത ശിവദാസുമാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഇനി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും ആ സിനിമ കുറ്റമറ്റതാവണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഈ നടി പറയുന്നു. തനിക്ക് ഏറെ പ്രചോദനം നൽകുന്ന ഒരു പ്രോജക്റ്റ് മനസ്സിലുണ്ടെന്നും ഈ നടി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് രമ്യ തന്റെ ഹൃസ്വ ചിത്രവും മറ്റു വീഡിയോകളും പങ്കു വെക്കുന്നത്. മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ള്യു സി സി യുടെ സജീവ പ്രവർത്തക കൂടിയായ ഈ നടി അവസാനം അഭിനയിച്ച മലയാള ചിത്രം കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയാണ്. ഇപ്പോൾ തമിഴിൽ ഒരു ചിത്രം ചെയ്യുന്ന രമ്യക്ക് ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാൻ കരാറായിരിക്കുന്നതും തമിഴ് ചിത്രങ്ങളാണ്.