മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിളിനെ പറ്റിയാണ് തിരക്കഥാകൃത്തുകൂടിയായ ജോയി മാത്യു പ്രതീക്ഷ പങ്കുവച്ചത്. ചിത്രത്തിന്റെ കഥയെപറ്റി അതീവ പ്രതീക്ഷ പുലർത്തിയ ജോയ് മാത്യുവിന്റെ കമൻറുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഷട്ടറിനെക്കാളും വളരെ മികച്ച ചിത്രമായിരിക്കും അങ്കിൾ എന്ന് ജോയി മാത്യു അവകാശപ്പെട്ടിരുന്നു. തന്റെ മകളെ ഒരു ദിവസം കോളേജിൽ നിന്നും വിളിച്ചു കൊണ്ടുവരാൻ സുഹൃത്തിനോട് പറയുന്നതോട് കൂടിയാണ് തന്റെ മനസ്സിൽ ഈ കഥ രൂപപ്പെട്ടതെന്ന് ജോയ് മാത്യു പറയുകയുണ്ടായി. പല സുഹൃത്തുക്കളും ഉണ്ടെങ്കിലും തനിക്ക് തന്റെ കഥ സാധാരണക്കാരോട് പറയാനാണ് താൽപര്യമെന്ന് ജോയ് മാത്യു പറയുന്നു. ബുദ്ധിജീവികളായ സിനിമാക്കാരോട് തന്റെ കഥ ചർച്ച ചെയ്യുന്നതിലും താല്പര്യം സാധാരണക്കാരായ ജനങ്ങളോട് ചർച്ച ചെയ്യുന്നതിലാണെന്ന് ജോയി മാത്യു പറയുകയുണ്ടായി. ഷട്ടറിന്റെ തിരക്കഥ ഒരു ഓട്ടോ ഡ്രൈവറോട് ആണ് ആദ്യം പറഞ്ഞത് അദ്ദേഹം കുഴപ്പമില്ല എന്നു പറഞ്ഞതിനെ തുടർന്നാണ് ചിത്രം സംഭവിച്ചത്. അങ്കിളിൻറെ കാര്യത്തിലും സ്ഥിതി അങ്ങനെതന്നെയാണ് സാധാരണക്കാരോട് പറഞ്ഞ് അവർക്ക് ഇഷ്ടപ്പെടുമോ എന്ന് നോക്കിയാണ് താൻ കഥയിലേക്ക് കടക്കുക. ജോയ് മാത്യു ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പിതാവിന്റെ സുഹൃത്തും മകളും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം ചിത്രം സാമൂഹികമായി ഇന്നത്തെ പല പ്രശ്നങ്ങളെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രത്തിൽ അങ്കിൾ ആയി മമ്മൂട്ടി എത്തുമ്പോൾ നായികയായി കാർത്തികയാണ് എത്തുന്നത്. സി. ഐ. എ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയായ കാർത്തികയുടെ രണ്ടാമത്തെ ചിത്രമാണ് അങ്കിൾ. ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. മുത്തുമണി കെ. പി. എ. സി ലളിത തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഈയടുത്ത് കണ്ട ഏറ്റവും മികച്ച വേഷമായിരിക്കും അങ്കിൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം നാളെ തീയറ്ററുകളിലെത്തും.