മലയാളികളുടെ പ്രീയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മകൾ. ജയറാം നായകനായെത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഒരച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം രചിച്ചത് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറമാണ്. ഇപ്പോഴിതാ താനിനി അടുത്തതായി പ്ലാൻ ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. താൻ മകൾ എന്ന ചിത്രത്തിന് പകരം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമായിരുന്നെന്നും, എന്നാൽ കോവിഡ് വന്നപ്പോൾ അത് മാറി പോയതാണെന്നും സത്യൻ അന്തിക്കാട് പറയുന്നു. അത്കൊണ്ട് മമ്മൂട്ടിയുമൊത്തു ഒരു ചിത്രം രണ്ടു പേർക്കും സമയമുള്ളപ്പോൾ ചെയ്യാമെന്ന ധാരണയിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് ചെയ്യാനുള്ള പല കഥകളും മനസ്സിലുണ്ടെങ്കിലും അതിൽ ആദ്യമേതെന്നു തീരുമാനിച്ചിട്ടില്ല എന്നാണ് സത്യൻ അന്തിക്കാട് വിശദമാക്കുന്നത്. ചിലപ്പോൾ ഇവരൊന്നുമില്ലാത്ത ഒരു ചിത്രമാവാം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. താൻ ഒരു ചിത്രം പൂർത്തിയാക്കി, പിന്നീട് സമയമെടുത്തു മാത്രമേ അടുത്ത ചിത്രത്തെക്കുറിച്ചു ചിന്തിക്കാറുള്ളുവെന്നും, താരങ്ങൾക്കു വേണ്ടി കഥയുണ്ടാക്കി ചെയ്യാറില്ലായെന്നും അദ്ദേഹം നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ശ്രീനിവാസൻ രചിച്ചു മോഹൻലാൽ നായകനായെത്തുന്ന ഒരു ചിത്രം മനസ്സിലുണ്ടെന്നും, മോഹൻലാലിനൊപ്പം മലയാളത്തിലെ പ്രമുഖനായ ഒരു യുവ താരവും അതിലുണ്ടാകുമെന്നും അദ്ദേഹം അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മകൾ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ, ജയറാമിനൊപ്പം മീര ജാസ്മിൻ, ദേവിക സഞ്ജയ്, നസ്ലിൻ, സിദ്ദിഖ്, ഇന്നസെന്റ്, തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.