
1980 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായക നടനാണ് ശങ്കർ. റൊമാന്റിക് ഹീറോ ആയി ഒരു സൂപ്പർ താര ലെവലിൽ നിറഞ്ഞു നിന്ന ശങ്കർ തമിഴ് സിനിമയിലും പോപ്പുലറായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശങ്കർ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തത് നടൻ മോഹൻലാലിനൊപ്പമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി അരങ്ങേറ്റം കുറിച്ച മോഹൻലാലുമായുള്ള സൗഹൃദം വളരെ വലുതാണെന്നും അത്യപൂർവമായ അഭിനയ സിദ്ധിയും ഏതു തരം വേഷങ്ങളും അനായാസമായി ചെയ്യാനുള്ള കഴിവുമാണ് മോഹൻലാലിനെ ഭാരതം കണ്ട ഏറ്റവും മികച്ച നടനായി, മലയാളം കണ്ട ഏറ്റവും വലിയ സൂപ്പർ താരമായി വളർത്തിയതെന്നും ശങ്കർ പല തവണ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ വില്ലനായ ചിത്രങ്ങളിൽ നായകനായി ആദ്യകാലങ്ങളിൽ അഭിനയിച്ച ശങ്കർ, പിന്നീട് ഒരിടവേളക്ക് ശേഷം മോഹൻലാൽ ചിത്രങ്ങളിൽ വില്ലനായും സഹതാരമായുമെല്ലാം പ്രത്യക്ഷപ്പെട്ടും ശ്രദ്ധ നേടി.
സംവിധായകനായും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ശങ്കർ. വൈറസ്, കേരളോത്സവം, സാൻഡ് സിറ്റി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തെ ശങ്കർ കൗമുദി ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് മോഹൻലാൽ നായകനായ ഒരു ചിത്രം ചെയ്യുക എന്നത് തന്റെ വലിയ ഒരാഗ്രമാണെന്നും അതിനായി കഥകൾ തേടുകയാണെന്നുമാണ്. മോഹൻലാൽ എത്തുമ്പോൾ അതൊരു വലിയ ചിത്രമായി ചെയ്യാനാണ് ആഗ്രഹമെന്നും, അത്തരത്തിലുള്ള ഒരു പ്രമേയമാണ് തേടുന്നതെന്നും ശങ്കർ പറയുന്നു. 1980 കാലഘട്ടത്തിലെ എല്ലാവരും ഇപ്പോഴും തന്റെ നല്ല സുഹൃത്തുക്കളാണ് എന്നും ശങ്കർ കൂട്ടിച്ചേർത്തു. ഇപ്പോൾ നടനായും സജീവമായി തന്നെ നിൽക്കുന്നയാളാണ് ശങ്കർ. ഓർമകളിൽ എന്ന ചിത്രമാണ് ഇനി ശങ്കർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള മലയാള ചിത്രം.