തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. പാതി മലയാളി കൂടിയായ അദ്ദേഹം ഒരുക്കിയ തമിഴ് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. മിന്നലേ, കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ എന്നിവയൊക്കെ ഗൗതം മേനോൻ ഒരുക്കിയ ക്ലാസിക് തമിഴ് ചിത്രങ്ങളാണ്. അദ്ദേഹം സംവിധാനം ചെയ്ത് ഇനി വരാനുള്ളത് ജോഷുവ, വിക്രം നായകനായി എത്തുന്ന ധ്രുവ നചത്രം, ചിമ്പു നായകനായി എത്തുന്ന വെന്തു തനിന്ദത് കാട് എന്നീ ചിത്രങ്ങളാണ്. ഇപ്പോഴിതാ മലയാളത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹവും പ്ലാനും തുറന്നു പറഞ്ഞിരിക്കുകയാണ് ഗൗതം മേനോൻ. മലയാള സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നും അതിനുള്ള തീവ്രമായ ശ്രമങ്ങൾ ആരംഭിച്ചു എന്നും അദ്ദേഹം പറയുന്നു.
ഡയലോഗ് ഫിലിം സൊസൈറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ആദരവ് സ്വീകരിക്കാൻ ജന്മനാട്ടിലെത്തിഎപ്പോഴാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഒരുപാട് മലയാളം സിനിമകൾ താൻ ചെറുപ്പം മുതൽ തന്നെ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്നു പല തവണ പറഞ്ഞിട്ടുള്ള അദ്ദേഹം മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്നതാണ് തന്റെ സ്വപ്നം എന്നും പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയം കണ്ടു പഠിക്കാൻ ഈ അടുത്തിടെ തന്നെ ദൃശ്യം 2 എന്ന ചിത്രം താൻ പത്തോളം തവണയാണ് കണ്ടത് എന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ കൂടാതെ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലിനൊപ്പം ജോലി ചെയ്യാനും ആഗ്രഹം ഉണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. അതുപോലെ ചിമ്പു സമ്മതിച്ചാൽ, വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഗൗതം മേനോൻ വെളിപ്പെടുത്തി.