രാഷ്ട്രീയത്തിലേക്ക് താനില്ല; ഉറപ്പിച്ചു പറഞ്ഞു മോഹൻലാൽ..!

Advertisement

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനെ ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നു മത്സരിപ്പിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു പ്രമുഖ രാഷ്ട്രീയ പാർട്ടി ആയ ബി ജെ പി. തനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യം ഇല്ല എന്നു മോഹൻലാൽ നേരത്തെ പറഞ്ഞിട്ടുണ്ട് എങ്കിലും മോഹൻലാലിൽ ഈ വിഷയത്തിൽ സമ്മർദം ചെലുത്താൻ തങ്ങൾ ശ്രമിക്കുകയാണ് എന്നു പ്രമുഖ ബി ജെ പി നേതാവ് ഒ രാജഗോപാൽ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. എന്നാല്‍ താൻ  രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ലെന്നും മോഹന്‍ലാല്‍ തന്നെ ഇപ്പോൾ വ്യക്തമാക്കികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനവുമായുളള വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ട് പ്രമുഖ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ ഒരിക്കൽ കൂടി തൻറെ നയം ഉറപ്പിച്ചു വ്യക്തമാക്കിയത്.

രാഷ്ട്രീയം തനിക്ക് താത്പര്യമുള്ള വിഷയമല്ലെന്നും തനിക്കെന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ പറയുന്നു. അതില്‍ താൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം താൻ ഇഷ്ടപ്പെടുന്നു എന്നും രാഷ്ട്രീയത്തില്‍ ഒരുപാട് വ്യക്തികള്‍ നമ്മളെ ആശ്രയിച്ചു നില്‍ക്കും എന്നത് കൊണ്ട് തന്നെ അത് എളുപ്പമല്ല എന്നും മോഹൻലാൽ പറഞ്ഞു. രാഷ്ട്രീയം തനിക്ക് അധികം അറിയുന്ന വിഷയമല്ല എന്നത് കൊണ്ട് തന്നെ തനിക്ക് ഈ വിഷയത്തിൽ താത്പര്യമില്ല എന്നും അദ്ദേഹം തുറന്നു പറയുന്നു. ഇനിയിപ്പോൾ രാഷ്ട്രീയ വിഷയങ്ങളുള്ള സിനിമകളില്‍ അഭിനയിക്കുമ്പോഴും താന്‍ എന്നും തന്റെ കഥാപാത്രത്തിനാണ് ശ്രദ്ധ നല്‍കാറുള്ളത് എന്നും അതിനപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തി ഒരു രാഷ്ട്രീയ തത്വത്തെയും പ്രോത്സാഹിപ്പിക്കുന്നുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പല തവണ പറഞ്ഞതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുന്നതിലും വേദന ഉണ്ടെന്നും അദ്ദേഹം പറയുന്നു. താൻ എന്നും തന്റെ കാണികളുടെ ഒപ്പം ആണെന്നും തനിക്കറിയാവുന്ന തൊഴിൽ അഭിനയം ആണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close