പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ ജനഗണമന എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി ചില വസ്തുതകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയിൽ ഒക്കെ ഉണ്ടായിരുന്ന ചില ഡയലോഗുകൾ സെൻസിറ്റീവ് ആണല്ലോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറയുന്നത്, അത് സെൻസിറ്റീവ് ആണോ അല്ലയോ എന്നതിനേക്കാൾ ഒബ്ജക്റ്റീവ് ആണോ എന്നതാണ് പ്രസക്തമായ ചോദ്യം എന്നതാണ്. സിനിമയെ ഒരു പ്രൊപ്പഗാണ്ട ടൂൾ ആക്കി മാറ്റുന്നത് പലപ്പോഴും സിനിമാക്കാരല്ല, പ്രേക്ഷകർ തന്നെ ആണെന്ന് പറയുകയാണ് പൃഥ്‌വി. കാരണം ഒരു പ്രത്യേക തരത്തിലുള്ള സീൻ ചെയ്യുകയോ ഡയലോഗ് പറയുകയോ ചെയ്യുന്ന നടനെ ഏതെങ്കിലും പക്ഷത്തേക്ക് പ്രേക്ഷകർ ചേർത്ത് നിർത്തുകയാണെന്നും, യഥാർത്ഥത്തിൽ ആ ഡയലോഗ് പറയുന്നതോ അതിലെ ആക്ഷൻസ് ചെയ്യുന്നതോ ആ കഥാപാത്രം ആണെന്നും ആ നടനെ ആ കഥാപാത്രത്തിന്റെ ചെയ്തികളോ വാക്കുകളോ വെച്ചല്ല ജഡ്ജ് ചെയ്യേണ്ടതെന്നും പൃഥ്വിരാജ് പറയുന്നു.
അത്കൊണ്ട് തന്നെ ഒരു പക്ഷം ചേരാൻ ശ്രമിച്ചിട്ടില്ല എന്നും വളരെ സത്യസന്ധ്യമായാണ് ഈ ചിത്രത്തിലൂടെ കാര്യങ്ങൾ പറയാൻ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ഈ സിനിമയിലൂടെ എന്നല്ല, താൻ ചെയ്ത വേറെ ഒരു സിനിമയിലൂടെയും ഒരു അജണ്ടയും മുന്നോട്ടു വെക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്നും, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ചായ്‌വുകളും ഇല്ലാത്ത, വളരെ സ്വതന്ത്രമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒരാളാണ് താൻ എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ഒരാൾ ഒരു പക്ഷം ചേരണം എന്ന് എന്താണ് നിർബന്ധമെന്നും പൃഥ്വിരാജ് ചോദിക്കുന്നുണ്ട്. താൻ തന്റെ ശരിയ്ക്ക് അനുസരിച്ചാണ് ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നത് എന്നും അതിൽ ചില ശരികൾ മറ്റുള്ളവർക്ക് തെറ്റായി തോന്നിയാൽ, ഉടനെ ഇയാൾക്ക് ഒരു നിലപാടില്ല എന്ന ആരോപണം ഉന്നയിക്കുകയുമാണ് ഇവിടെ ചെയ്യുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. എല്ലാവർക്കും നമ്മുടെ അതേ നിലപാട് തന്നെ ആയിരിക്കണമെന്നുള്ള നിർബന്ധബുദ്ധിയാണ് ഇതിനു കാരണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.