താൻ തെറ്റുകൾ വരുത്തി കൊണ്ടിരുന്നു, സംവിധായകന്റെ ക്ഷമക്ക് മുന്നിൽ കൈകൂപ്പുന്നു എന്ന് മഞ്ജു വാര്യർ..!

Advertisement

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ ഇപ്പോൾ തമിഴിലും വിജയം നേടി മുന്നേറുകയാണ്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമായ അസുരൻ നൂറു കോടി ക്ലബിലും ഇടം പിടിച്ചാണ് മുന്നോട്ടു കുതിക്കുന്നത്‌. ധനുഷ് നായകനായി എത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ദേശീയ അവാർഡ് ജേതാവായ വെട്രിമാരൻ ആണ്. ധനുഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ ഭാര്യ ആയ പച്ചൈയമ്മാൾ എന്ന കഥാപാത്രത്തിനാണ് മഞ്ജു ജീവൻ പകർന്നത്. തന്റെ ഗംഭീര പ്രകടനം കൊണ്ട് ഈ നടി ഏവരുടെയും കയ്യടി നേടിയെടുത്തു. ഉലക നായകൻ കമൽ ഹാസൻ അടക്കം ഈ ചിത്രം കണ്ടു മഞ്ജുവിനെ നേരിട്ട് കണ്ടു അഭിനന്ദിച്ചിരുന്നു.

ഈ സിനിമയിൽ തമിഴ് ഭാഷയിൽ സ്വന്തമായി തന്നെ ഡബ്ബ് ചെയ്ത മഞ്ജു പറയുന്നത് തനിക്കു സ്വന്തമായി ഡബ്ബ് ചെയ്യാൻ വലിയ പേടി ആയിരുന്നു എന്നും സംവിധായകൻ വെട്രിമാരൻ നിർബന്ധിച്ചിട്ടാണ് തന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചത് എന്നുമാണ്. തമിഴ് ഭാഷയിലുള്ള ഡബ്ബിംഗ് ആദ്യം വിജയമായില്ലെങ്കിലും പാസ് മാർക്ക് നല്‍കാമെന്നായിരുന്നു വെട്രിമാരൻ പറഞ്ഞത് എന്ന് മഞ്ജു ഓർക്കുന്നു. ആറു ദിവസം കൊണ്ടാണ് താൻ അസുരന്റെ ഡബ്ബിങ് പൂർത്തിയാക്കിയത് എന്നും തിരുനെല്‍വേലി ഭാഷയും അവിടത്തെ പ്രയോഗങ്ങളും കൃത്യമായി അറിയുന്ന സുരേഷ്‌ കണ്ണന്‍ സാറിന്റെ സഹായവും കൂടി ഉള്ളത് കൊണ്ടാണ് ആറു ദിവസം കൊണ്ട് ഡബ്ബിങ് തീർക്കാൻ സാധിച്ചത് എന്ന് മഞ്ജു വെളിപ്പെടുത്തുന്നു.

Advertisement

ഡബ്ബ് ചെയ്തപ്പോൾ താൻ തുടർച്ചയായി തെറ്റുകള്‍ വരുത്തിക്കൊണ്ടിരുന്നു എന്നും വെട്രിമാരൻ എന്ന സംവിധായകന്റെ ക്ഷമയ്ക്ക് മുന്നില്‍ കൈകൂപ്പുന്നു എന്നും ഒരു മാധ്യമ അഭിമുഖത്തിൽ മഞ്ജു പറഞ്ഞു. ഏതായാലും അസുരനിലെ ഗംഭീര പ്രകടനം കണ്ടു സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന, ശിവ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലേക്ക് നായികാ വേഷത്തിൽ മഞ്ജുവിനെ ആണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹം, കയറ്റം, ജാക്ക് ആൻഡ് ജിൽ, പ്രതി പൂവൻ കോഴി എന്നിവയാണ് മഞ്ജുവിന്റെ ഇനി വരാൻ ഉള്ള ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close