കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. അടുത്ത വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക് വീഡിയോ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗോകുലം പാർക്കിലെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയുണ്ടായി. ആ ചടങ്ങിൽ വെച്ചു സംവിധായകൻ പ്രിയദർശൻ ഈ ചിത്രത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇതൊരു ചരിത്ര സിനിമ അല്ലെന്നും എന്നാൽ ചരിത്രത്തിൽ നിന്നുള്ള ചില സന്ദർഭങ്ങൾ ചിത്രത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും പ്രിയദർശൻ പറയുന്നു. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിന് വേണ്ടി ചന്തു എന്ന കഥാപാത്രത്തെ എം ടി വാസുദേവൻ നായർ മാറ്റി എഴുതിയത് പോലെ കുഞ്ഞാലി മരയ്ക്കാർ എന്ന കഥാപാത്രത്തെ താനും മാറ്റി എഴുതിയിട്ടുണ്ട് എന്നും പ്രിയദർശൻ പറഞ്ഞു.
ഇതു ഒരു മാസ്സ് എന്റർടൈന്മെന്റ് ചിത്രം ആണെന്നും സാധാരണക്കാരായ പ്രേക്ഷകരെ രസിപ്പിക്കാൻ എടുത്ത ചിത്രം ആണെന്നും പ്രിയദർശൻ പറയുന്നു. ഇതിലൂടെ മലയാള സിനിമക്ക് കൂടുതൽ വലിയ ചിത്രങ്ങൾ ഉണ്ടാക്കാൻ ഉള്ള പ്രചോദനം ലഭിക്കും എന്നു പ്രതീക്ഷിക്കുന്നതായും പ്രിയദർശൻ പറയുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പകുതി മാത്രമേ തീർന്നിട്ടുള്ളൂ എന്നും പ്രിയൻ അറിയിച്ചു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.